പാപ്പിനിശേരി,താവം മേൽപ്പാലത്തിൽ എൻഐടി സംയുക്ത പരിശോധന നാളെ
1592770
Friday, September 19, 2025 12:44 AM IST
പഴയങ്ങാടി: അഴീക്കോട്, കല്ല്യാശേരി നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാപ്പിനിശേരി - പിലാത്തറ കെഎസ്ടിപി റോഡിലെ രണ്ട് റെയിൽവേ മേൽപാലങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന തകരാറുകൾ പരിശോധിക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകി.
2013 ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശേരി, പിലാത്തറ കെഎസ്ടിപി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് പാപ്പിനിശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ മേൽപാലങ്ങൾ പണിതത്.
2018 ലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. മേൽപ്പാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിക്കുന്ന വിഷയം എംഎൽഎമാരായ കെ.വി. സുമേഷ്, എം. വിജിൻ എന്നിവർ മന്ത്രിയുടെശ്രദ്ധയിൽക്കൊണ്ടുവരികയും തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരുകയുമായിരുന്നു.
മേൽപാലം നിർമാണത്തിൽ പ്രാഥമികമായി വീഴ്ച കണ്ടെത്തിയതിനാൽ പാലത്തിലുണ്ടാകുന്ന തകരാറുകൾക്ക് പൂർണമായും പരിഹാരം കാണാൻ പാലക്കാട് എൻഐടിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. നാളെ കെഎച്ച്ആർഐ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ പാലങ്ങളിൽ വിശദമായ സംയുക്ത പരിശോധന നടത്തുവാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാരായ കെ.വി. സുമേഷ്, എം. വിജിൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കെഎസ്ടിപി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.