ഉദയഗിരി പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട്; കോൺഗ്രസ് പരാതി നൽകി
1592355
Wednesday, September 17, 2025 7:42 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഒന്നു മുതൽ 15 വരെയുള്ള വാർഡുകളിൽ ശരാശരി മുന്നൂറ്റമ്പതിൽപരം യുഡിഎഫ് വോട്ടുകൾ അപേക്ഷകൾ ഇല്ലാതെയും പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും കൂടി ഒത്തുകളിച്ചും ഒഴിവാക്കിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
യുഡിഎഫ് പ്രവർത്തകർ വ്യക്തമായ കാരണങ്ങൾ കാണിച്ച് ഓൺലൈൻ ആയും ഫോം അഞ്ചിലും കൊടുത്ത അപേക്ഷയിൽ ഹിയറിംഗിന് ഹാജരാകാത്തവപോലും വോട്ടർ പട്ടികയിൽ നിലനിർത്തുകയാണ്.
സമീപ പഞ്ചായത്തുകളായ ആലക്കോട് ,നടുവിൽ, ചപ്പാരപ്പടവ്, പരിയാരം, എന്നിവിടങ്ങളിൽ വർഷങ്ങളായി സ്ഥിരതാമസക്കാരായവരെ ഉദയഗിരി പഞ്ചായത്ത് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാതെ ഉദയഗിരി പഞ്ചായത്തിലുള്ള കുടുംബാംഗങ്ങളുടെ വീട്ടു നമ്പറിൽ ചേർക്കുകയാണ്. ആൾതാമസം ഇല്ലാത്ത ഒരു വീടിന്റെ വീട്ടുനമ്പർ ഉപയോഗിച്ച് പല വീട്ടുപേരിൽ ഉള്ളവരെ പല വാർഡുകളിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തയാറായിട്ടില്ല.
അശാസ്ത്രീയമായ വാർഡ് വിഭജനം മൂലം ഒരു വാർഡിൽ താമസിക്കുന്നവരുടെ വോട്ടുകൾ അതിനോട് ചേർന്നുള്ള വാർഡിൽ നിലനിർത്തിയിരിക്കുന്നു. രാഷ്ട്രീയ ലാഭം നോക്കിയുള്ള ക്രമക്കേടുകൾ ഒഴിവാക്കി വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി.