ദസറ വ്യാപാരോത്സവം: കൂപ്പണെടുക്കാത്തതിന് ഭീഷണിയെന്ന് പരാതി
1592758
Friday, September 19, 2025 12:44 AM IST
കണ്ണൂർ: ദസറ കൂപ്പണിന്റെ മറവിൽ വ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരെ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ. വി. സലീമിന്റെ നേതൃത്വത്തിലെത്തിയ രണ്ടംഗസംഘം ഭീഷണിപ്പെടുത്തിയതായി പരാതി.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഗ്രീൻ പ്ലാസ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വസ്ത്ര മൊത്തവ്യാപാര സ്ഥാപനമായ കൃഷ്ണ കാഷ് ഇൻ കാരി എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകുന്നേരം ആറരയോടെവ്യാപാരി സംഘടനാ നേതാവും മറ്റൊരു വ്യാപാരിയും എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
കണ്ണൂർ ദസറയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്കായി കോർപറേഷൻ ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ രണ്ട് ബുക്കുകൾ കഴിഞ്ഞ ദിവസം വസ്ത്ര മൊത്തവ്യാപാര സ്ഥാപനത്തിൽ ഏല്പിച്ചിരുന്നു. ഇതിന്റെ പണം വാങ്ങാനെത്തിയപ്പോൾ ബുക്ക് തിരിച്ചേല്പിച്ച വിരോധത്തിൽ അത് വലിച്ചെറിഞ്ഞ് ഭീഷണി മുഴക്കിയതായി ജീവനക്കാർ പറഞ്ഞു.
അതേസമയം കൂപ്പൺ എടുക്കണമെന്ന് നിർബന്ധമില്ലെന്ന് കോർപറേഷൻ ജീവനക്കാർ പറഞ്ഞതായും സ്ഥാപന ഉടമ പറഞ്ഞു.
സംഭവത്തിൽ കടയുടമ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. കടയുടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.