വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പര്യാപ്തമല്ല: സജീവ് ജോസഫ് എംഎല്‍എ
1592766
Friday, September 19, 2025 12:44 AM IST
ശ്രീകണ്ഠപുരം: നിയമസഭയില്‍ അവതരിപ്പിച്ച വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ വന്യമൃഗശല്യം തടയുന്നതിന് പര്യാപ്തമല്ലെന്ന് സജീവ് ജോസഫ് എംഎല്‍എ. ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമ്യഗങ്ങൾ മനുഷ്യജീവനും കൃഷിക്കും വളർത്തുമൃഗങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തുന്നതും ജനവാസ മേഖലകളിൽ പ്രവേശിക്കുന്നതും തടയുന്നതിനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ചേർത്തിട്ടില്ല.
ഇത്തരം സന്ദർഭങ്ങളിൽ ജില്ലാ കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് മാത്രം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് വഴി അത്തരം മൃഗങ്ങളെ കൊല്ലുന്നതിന് വ്യവസ്ഥചെയ്യുന്നത് മതിയാകുന്നതല്ല. മറിച്ച് ഡിഎഫ്ഒ, റേഞ്ച് ഓഫീസർ തലത്തിലുളള ഉദ്യോഗസ്ഥർക്ക് വിശ്വാസമായ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടതുണ്ടെന്നും ആക്രമണകാരികളായ വന്യമൃഗകളെ തല്‍സമയം നേരിടാനുള്ള നടപടികളാണ് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കൃത്യമായ വ്യവസ്ഥ ആവശ്യമുണ്ട്. കൂടാതെ ഇത്തരത്തിൽ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസം നിയമത്തിൽ ഭക്ഷ്യയോഗ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും ആവശ്യമുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽകൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും നാശനഷ്ടങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിന് വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രത്യേക ട്രൈബ്യൂണലുകളും രൂപീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
മലയോര മേഖലകളിലും വനപ്രദേശങ്ങളിലും ആവർത്തിച്ചുള്ള വന്യജീവി ആക്രമണ സംഭവങ്ങൾ പരിഹരിക്കുന്നതിൽ മുൻകൈയെടുക്കുന്ന സമീപനം സ്വീകരിക്കാത്തതിന് എംഎൽഎ സർക്കാരിനെ ശക്തമായി വിമർശിച്ചു. വന്യമൃഗങ്ങളുടെ കടന്നുകയറ്റം മൂലം മനുഷ്യജീവനും കന്നുകാലികളും വിളകളും പതിവായി നഷ്ടപ്പെടുന്നത് അത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.