വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു
1592429
Wednesday, September 17, 2025 10:09 PM IST
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്ററും കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയുമായ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കഴിഞ്ഞ 13ന് പുലർച്ച കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിലായിരുന്നു വാഹനാപകടം.
ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അസീസ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടയാണ് മരിച്ചത്.
സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്. പുതിയപുരയിൽ അബ്ദു റഹീം-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.