സൈനികനെ മർദിച്ചു
1592352
Wednesday, September 17, 2025 7:34 AM IST
തലശേരി: ധർമടത്ത് അവധിക്ക് വന്ന സൈനികനെ യുവാവ് വഴിയിൽ തടഞ്ഞ് മർദിച്ച് പരിക്കേൽപ്പിച്ചു. ധർമടം പോലീസ് സ്റ്റേഷന് സമീപത്തെ ഇത്താമണി റോഡിൽ കൃഷ്ണാലയത്തിൽ ആനന്ദകുമാറിനാണ് (28) മർദനമേറ്റത്.
മൂർച്ചയുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ ഇടതുചുമലിനും ഇടതു കൈയുടെ ചെറുവിരലിനും ഗുരുതരമായി പരിക്കേറ്റ ആനന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കുടുംബ പ്രശ്നത്തെത്തുടർന്ന് സഹോദരീ ഭർത്താവായ നീലേശ്വരം സ്വദേശി ലുലുകൃഷ്ണയാണ് തന്നെ ആക്രമിച്ചതെന്ന് ആനന്ദകുമാർ നൽകിയ പരാതിയിൽ പറയുന്നു. ആനന്ദകുമാറിന്റെ സഹോദരിയും ലുലു കൃഷ്ണയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയൽ നടന്നു വരുന്നതിന്റെ വിരോധമാണ് അക്രമത്തിന് കാരണം. മിലിട്ടറിയിലെ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ധർമടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.