മാക്കൂട്ടം ചുരത്തിലെ കൊക്കകളിൽ മാലിന്യം ചാക്കിൽകെട്ടി തള്ളുന്നു
1592754
Friday, September 19, 2025 12:44 AM IST
ഇരിട്ടി: കൂട്ടുപുഴ-മാക്കൂട്ടം ചുരം പാതയിൽ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് യാത്രക്കാർക്കും മൃഗങ്ങൾക്കും ശല്യമാവുന്നു. ചാക്ക് കണക്കിന് പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങളാണ് റോഡിനോട് ചേർന്ന കൊക്കയിലേക്ക് വലിച്ചെറിയുന്നത്.
കുരങ്ങുകളും മറ്റും ചാക്കുകൾ വലിച്ച് കീറി മാലിന്യം കാട്ടരുവികളിലും കലരുന്നു. ചെറുതും വലുതുമായ വാഹനത്തിൽ എത്തുന്ന യാത്രക്കാർ റോഡരികിലും കൊക്കയിലേക്കുയമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യങ്ങൾ കർണാടക വനംവകുപ്പ് ആഴ്ചയിൽ ഒരു ദിവസം ശേഖരിച്ച് നീക്കം ചെയ്യുന്നുണ്ട്.
മാലിന്യച്ചാക്കുകൾ കുരങ്ങുകളും കുറുക്കനും മറ്റും കടിച്ചു കീറി ചിതറി പലപ്പോഴും നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. മൃഗങ്ങൾ പ്ലാസ്റ്റിക് അടക്കമുള്ളവ ഭക്ഷണമാക്കുന്നതും ചിതറി കിടക്കുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണം ആകുന്നു.
കേരളത്തിൽ പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും പരിശോധന കർശനമായതിനാൽ മാലിന്യം തള്ളിയവർ പിടിയിലാവുന്ന സ്ഥിതിയാണ്.
ഇത് മറികടക്കാനാണ് മാലിന്യം കർണാടക വനത്തിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വലിച്ചെറിയുന്നതെന്നാണ് ആക്ഷേപം. കേരളത്തിൽ ചരക്ക് ഇറക്കി മടങ്ങിപ്പോകുന്ന വാഹങ്ങളിൽ മാലിന്യം കയറ്റി വനമേഖലയിൽ നിക്ഷേപിച്ച സംഭവം മുൻപ് ഉണ്ടയിട്ടുണ്ട് . അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ കനത്ത പിഴയാണ് നൽകേണ്ടി വരുന്നത് . എങ്കിലും പലവാഹനത്തിലും മാലിന്യം എത്തിക്കുന്നത് പണം വാങ്ങിയ ശേഷമാണ്.
വനപാതയിൽ സിസി ടിവി കാമറകൾ സ്ഥാപിക്കുകയോ, കൂട്ടുപുഴ ചെക്ക് പോസ്റ്റിലും വനാതിർത്തിയിൽ പെരുമ്പാടി ചെക്ക് പോസ്റ്റിലും വാഹന പരിശോധന കർശനമാക്കുകയൊ ചെയ്താൽ മാലിന്യം തള്ളൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.