കെഎസ്യു ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം; അറസ്റ്റിനെതിരേ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധം
1592376
Wednesday, September 17, 2025 7:42 AM IST
കണ്ണൂർ: കേരളത്തിലെ പോലീസ് രാജ് അവസാനിപ്പിക്കുന്നതിനും വടക്കാഞ്ചേരിയിൽ പ്രവർത്തകരെ മുഖം മൂടിയണിയിച്ചു കോടതിയിൽ ഹാജരാക്കിയതിനുമെതിരേ കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസി ലേക്ക് കെഎസ്യു ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും കെഎസ്യു പ്രവർത്തകരും തമ്മിൽ നഗരത്തിൽ ഒരു മണിക്കൂറോളം നീണ്ട തെരുവുയുദ്ധമാണ് അരങ്ങേറിയത്. പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘർഷം തുടങ്ങിയത്. കെഎസ്യു പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ജലപീരങ്കിക്കു നേരെ കൊടിക്കെട്ടിയ വടി എറിയുകയും ചെയ്തു. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പോലീസ് നടത്തി.
നിലത്തിരുന്ന പ്രവർത്തകരെ പോലീസുകാർ വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ച തോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. പല പ്രവർത്തകരേയും പോലീസ് മതിലിനോട് ചേർത്തു അമർത്തിപിടിച്ചു കീഴടക്കാൻ ശ്രമിച്ചതാണ് പ്രവർത്തകരെ പ്രകോപിതരാക്കി. അറസ്റ്റു ചെയ്യാനുള്ള നീക്കം നേതാക്കളടക്കം ചെറുത്തു. ഇതിൽ പ്രതിഷേധിച്ച നേതാക്കളായ മുഹമ്മദ് ഷമ്മാസിനെയും അതുലിനെയും ബലം പ്രയോഗിച്ച് പിടിച്ചുവലിച്ച് പോലീസ് വാനിൽ കയറ്റി.
പലരുടെയും ചെരുപ്പുകൾ തെറിച്ചുപോയി. ഉടുമുണ്ടുകൾ അഴിഞ്ഞുവീണു. റോഡ് ഉപരോധിക്കാനായി ഓടിയ പ്രവർത്തകരെ പോലീസ് പിന്തുടർന്നു പിടികൂടി. ഉന്തുിലും തള്ളിലും ചില പോലീസുകാരും റോഡിൽ വീണു. ലാത്തിയും തൊപ്പിയും തെറിച്ചുപോയി. പോലീസ് വാനിനകത്തും പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.
ഒരു കൂട്ടം പ്രവർത്തകർ പോലീ സ് വാൻ തടഞ്ഞു. റോഡിൽ കിടന്നും കുത്തിയിരുന്നും വാഹനം തടഞ്ഞതോടെ അറസ്റ്റു ചെയ്തവരെ സ്റ്റേഷനിൽ എത്തിക്കാനാകാതെ പോലീസ് കുഴങ്ങി. ഒടുവിൽ കൂടുതൽ പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് വാഹനം മുന്നോട്ട് എടുക്കാനായത്. വാനിലുള്ള പ്രവർത്തകർ ഡോറിനു മുന്നിൽ പ്രതിരോധം തീർത്തതോടെ പിന്നീട് അറസ്റ്റു ചെയ്ത വരെ വാനിൽ കയറ്റാനാകാതെ പോലീസ് ജീപ്പിൽ കയറ്റിയാണ് സ്റ്റേഷനിൽ എത്തിച്ചത്. മുക്കാൽ മണിക്കൂറിനു ശേഷമാണ് സംഘർഷം അവസാനിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് കണ്ണൂർ ഡിസിസി ഓഫീസിൽനിന്നു കെഎസ്യു പ്രവർത്തകർ റേഞ്ച് ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഡിഐജി ഓഫീസിനു സമീപം താവക്കര സ്കൂളിനു മുന്നിലെ റോഡിൽ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആഷിത്ത് അശോകൻ, കെ. കാവ്യ, അർജുൻ കോറോം, അലക്സ് ബെന്നി, അക്ഷയ് മാട്ടൂൽ, എബിൻ കേളകം, വൈഷ്ണവ് അരവഞ്ചാൽ, സി.എച്ച്. മുബാസ്, നവനീത് ഷാജി, അർജുൻ ചാലാട് തുടങ്ങിയവർ നേതൃത്വം നല്കി.
പോലീസ് പിണറായിയുടെ അടുക്കള സേവകരായി: പി. മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: പാർട്ടി തിട്ടൂരമനുസരിച്ച് പ്രതിപക്ഷ വിദ്യാർഥി യുവജന നേതാക്കളെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ റാങ്ക് പട്ടിക തയാറാക്കി മുൻകാല പ്രാബല്യത്തോടെ വിശ്രമ ജീവിതം അനുവദിക്കുമെന്ന് കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ്.
സർക്കാർ ശമ്പളം വാങ്ങുന്ന ഗുണ്ടകളായി കേരള പോലീസ് സേനയെ പിണറായി സർക്കാർ അധഃപതിപ്പിച്ചത് കൈയും കെട്ടി നോക്കി നില്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷമ്മാസ്. സ്കോട്ട്ലൻഡ് യാർഡിനെപ്പോലും വെല്ലുന്ന മികവ് പുലർത്തിയ കേരളാ പോലീസ് ഇടതു ഭരണത്തിൽ പിണറായിയുടെ അടുക്കള സേവകരായി തരംതാണു. റെഡ് വോളന്റി യർമാരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നവരെ പോലെയാണ് ചില ഉദ്യോഗസ്ഥർ ഇപ്പോൾ പെരുമാറുന്നത്. കേരളമോന്നും സിപിഎം ഭരിക്കുമെന്ന് പ്രതീക്ഷിക്കേണ്ട- ഷമ്മാസ് ഓർമിപ്പിച്ചു.