കായികാധ്യാപകരുടെ നിസഹകരണ സമരം: താളംതെറ്റി സ്കൂൾ ഗെയിംസ്
1592372
Wednesday, September 17, 2025 7:42 AM IST
കണ്ണൂര്‍: കായികാധ്യാപകർ നിസഹകരണ സമരം തുടരുന്നത് സ്കൂൾ ഗെയിംസ് മത്സരങ്ങളെ പ്രതിസന്ധിയിലാക്കും. 22ന് സംസ്ഥാന ഗെയിംസ് മത്സരങ്ങൾ കണ്ണൂരിൽ തുടങ്ങാനിരിക്കെ സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ ഇതുവരെയുണ്ടായിട്ടില്ല. 22 മുതൽ 27 വരെ ഫുട്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, റസ്ലിംഗ്, ബോക്സിംഗ്, ടെന്നിക്വയ്റ്റ്, ജിംനാസ്റ്റിക്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിതലത്തിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. കായികാധ്യാപകരുടെ സഹകരണമില്ലാത്തതിനാൽ ഉപജില്ലാ മത്സരങ്ങൾ പോലും പൂർത്തിയാകാത്ത സാഹചര്യവുമുണ്ട്. കായികാധ്യാപകരുടെ അഭാവത്തിൽ ഡിഡിഇമാർ പ്രത്യേക ഉത്തരവിലൂടെ നിർബന്ധിതമായി ഒരു കായികാധ്യാപകനെ മേളയുടെ സെക്രട്ടറിയാക്കി നിയമിച്ചും മറ്റ് അധ്യാപകരെ നിയോഗിച്ചുമാണ് മേളകൾ നടത്തുന്നത്. അധ്യാപകരുടെ നിസഹകരണം കാരണം ഇത്തവണ സുബ്രതോ കപ്പ് ഫുട്ബോള്‍ തട്ടിക്കൂട്ടി നടത്തുകയായിരുന്നു.
കായികമേളകൾ നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തെ കുടിശികയായി മുക്കാല്‍ കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. മേളയിൽ മത്സരിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. ഇത് അധിക ബാധ്യതയാകുമെന്ന് കായികാധ്യാപകർ പറയുന്നു. കഴിഞ്ഞവര്‍ഷത്തെ തുക കിട്ടിയെങ്കിലും അതിന് മുമ്പുള്ള രണ്ട് വര്‍ഷത്തെ കുടിശികയാണ് കിട്ടാനുള്ളത്.
തിരുവനന്തപുരം 20,85,000, കണ്ണൂര്‍ 11,56,000, മലപ്പുറം 10,74,000, കൊല്ലത്ത് 1,30,000, പത്തനംതിട്ട 1,25,000,എറണാകുളം 3,00,000, തൃശൂർ 5,15,000, പാലക്കാട് 8,90,000, കാസര്‍ഗോഡ് 3,30,000 എന്നിങ്ങനെയാണ് റവന്യു ജില്ലാ സെക്രട്ടറിമാര്‍ക്ക് ലഭിക്കാനുള്ള തുക.
പിന്നോട്ടില്ലെന്ന് കായികാധ്യാപക സംഘടന
2017 വരെ നിലവിലുണ്ടായിരുന്ന കായികാധ്യാപകരുടെ സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, മുൻ വർഷങ്ങളിൽ കായികമേളകൾ നടത്തിയതുമായി ബന്ധപ്പെട്ട് കായികാധ്യാപകർക്ക് ലഭിക്കാനുള്ള കോടികളുടെ കുടിശിക നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. യുപി വിഭാഗത്തില്‍ 500 കുട്ടികള്‍ക്ക് ഒരു കായികാധ്യാപകന് എന്നത് മാറ്റി 300 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന മാനദണ്ഡം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ 499 കുട്ടികളാണ് യുപി സ്കൂളിലുള്ളതെങ്കില് കായികാധ്യാപകന് പുറത്തുപോകേണ്ട അവസ്ഥയാണ്. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് നിസഹകരണ സമരം ആരംഭിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാതെ മേളകളുടെ സംഘാടനത്തില്‍ സഹകരിക്കില്ലെന്ന് കായികാധ്യാപക സംഘടന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി. ഉദയകുമാര്‍ പറഞ്ഞു.