അശ്വനികുമാർ വധം: വിധി 21ലേക്ക് മാറ്റി
1461302
Tuesday, October 15, 2024 7:10 AM IST
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്ന മീത്തലെ പുന്നാട്ടെ അശ്വനികുമാറിനെ (27) ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് 21 ലേക്ക് മാറ്റി.
തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറയുന്നത്. ഇന്നലെയായിരുന്നു വിധി പറയേണ്ടത്. പ്രമാദമായ കേസായതിനാൽ കോടതിയിലും പരിസരത്തും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി വിധിപറയുന്നത് 21 ലേക്ക് മാറ്റുകയായിരുന്നു.
2005 മാർച്ച് 10നു രാവിലെ 10.15നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽനിന്നു പേരാവൂരിലേക്കു പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. ബസിലും ജീപ്പിലുമായി എത്തിയ പ്രതികൾ ബസിനുള്ളിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ 14 പ്രതികളാണുള്ളത്.