കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശന്പള കുടിശിക: എൻജിഒ യൂണിയൻ കുത്തിയിരിപ്പ് സമരം നടത്തി
1461299
Tuesday, October 15, 2024 7:10 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, ഉദ്യോഗസ്ഥ മേധാവിത്വ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭരണകക്ഷി സർവീസ് സംഘടനയായ കേരള എൻജിഒ യൂണിയൻ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
ഇന്നലെ രാവിലെ ഒന്പതരയോടെ മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിലായിരുന്നു ജീവനക്കാരുടെ കുത്തിയിരിപ്പ് സമരം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനായി 52 കോടി രൂപ കേരള സർക്കാർ ബഡ്ജറ്റ് പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടും ഇതുവരെയായി 23 കോടി രൂപമാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് ജീവനക്കാർ പറഞ്ഞു.
സെപ്റ്റംബർ മാസത്തെ ശന്പളം കുടിശികയാണ്.ശമ്പള വിതരണത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്ത സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നതെന്ന് എൻജിഒ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. കുത്തിയിരിപ്പ് സമരം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ആർ.ജിജേഷ് അധ്യക്ഷത വഹിച്ചു.
ശന്പള വിതരണത്തിനുള്ള തുക ധനകാര്യ വകുപ്പ് രാവിലെ 11.30 ഓടെ അനുവദിച്ചിട്ടുണ്ടെന്നും തുക ശന്പള ഫണ്ടിലേക്ക് വകയിരുത്തുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇന്ന് ശന്പള വിതരണം നടത്തുമെന്നും മെഡിക്കൽ കോളജ് അധികൃതർ സമരക്കാരെ അറിയിച്ചതിനെ തുടർന്ന് ഉച്ചയോടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. ഭാവിയിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർതലത്തിൽ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ടെന്ന് എൻജിഒ യൂണിയൻ നേതാക്കൾ പറഞ്ഞു
എൻജിഒ അസോസിയേഷന് ഇന്ന് പിച്ചയെടുപ്പ് സമരം നടത്തും
കണ്ണൂർ: സെപ്റ്റംബർ മാസത്തെ ശന്പളം കുടിശികയായതിൽ പ്രതിഷേധിച്ചും ശന്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ സർവീസ് സംഘടനയായ കേരള എൻജിഒ അസോസിയേഷൻ ഇന്ന് കണ്ണൂർ നഗരത്തിൽ പിച്ചയെടുപ്പ് സമരം നടത്തും.
ഉച്ചകഴിഞ്ഞ് 3.30ന് കാൽടെക്സ് പരിസരത്ത് നിന്നാരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ശമ്പളം നൽകാതെ ജീവനക്കാരെ പട്ടിണിക്കിടുന്ന സർക്കാർ നീതിപാലിക്കുക, 2018 മുതൽ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, ആറുവർഷമായി പിടിച്ചുവച്ച ഡിഎ അനുവദിക്കുക,തടഞ്ഞുവച്ച ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിച്ചയെടുപ്പ് സമരം.