വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പോലീസിന്റെ റൺ ഫോർ ദ ബ്രേവ്
1601946
Wednesday, October 22, 2025 7:46 AM IST
കണ്ണൂർ: രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് 66-ആമത് പോലീസ് കമ്മെമറേഷൻ ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് റൺ ഫോർ ദ ബ്രേവ് എന്ന പേരിൽ 6.6 കിലോമീറ്റർ ഓട്ടം സംഘടിപ്പിച്ചു. രാവിലെ ആറിന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര ഫ്ലാഗ് ഓഫ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴളാപ്പിൽ, എഎസ്പി പി.ബി.കിരൺ, എസിപിമാരായ എ.വി.ജോൺ, പ്രദീപൻ കണ്ണിപൊയിൽ, കെ.വി.പ്രമോദൻ,പി. രാജേഷ്, എം.ടിജേക്കബ് എന്നിവർ പങ്കെടുത്തു.
റണ്ണിൽ പോലീസ് ഉദ്യോഗസ്ഥർ, റിട്ട പോലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ ബസ് സ്റ്റാൻഡ്, പ്രഭാത് ജംഗ്ഷൻ, ഗസ്റ്റ് ഹൗസ്, പയ്യാന്പലം, എസ്.എൻ.പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് വഴി റൺ പോലീസ് പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു.
പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അതുൽ ഒന്നാം സ്ഥാനം നേടി. ഇരിട്ടി സ്വദേശി ആദർശ് ഗോപി, പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥി മനോജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ മലബാർ സ്പോർട് അക്കാഡമിയിലെ ശ്രീനന്ദ ജേതാവായി. ജിവിഎച്ച്എസ്എസ് സ്പോർട്സ് കണ്ണൂരിലെ ഷിഫാ മോൾ, പി. വിശ്രുത എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജേതാക്കൾക്ക് ഡിഐജി യതീഷ് ചന്ദ്ര കാഷ് പ്രൈസ് സമ്മാനിച്ചു.
100 ഹാഫ് മാരത്താൺ നൂറു ദിവസം കൊണ്ട് പൂർത്തിയാക്കിയ റിട്ട. എസ്ഐ മരിയ ജോസിനെ ഉപഹാരം നൽകി ആദരിച്ചു. റണ്ണിൽ പങ്കെടുത്ത എല്ലാവർക്കും ടീ ഷർട്ടും ഫിനിഷ് ചെയ്ത എല്ലാവർക്കും മെഡലുകളും നൽകി.