എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിർണയ ലാബ് ആരംഭിക്കും: മന്ത്രി വീണാ ജോർജ്
1601953
Wednesday, October 22, 2025 7:58 AM IST
മലപ്പട്ടം: കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിവിധ ലാബ് പരിശോധനകൾ ലഭ്യമാക്കുന്ന നിർണയ ലാബ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് . മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ സംവിധാനമില്ലാത്ത പരിശോധനകൾക്ക് സാമ്പിളുകൾ ജില്ലാ ലാബുകളിലേക്ക് അയച്ച് പരിശോധനാഫലം ബന്ധപ്പെട്ടവരുടെ മൊബൈൽ നമ്പറിൽ ലഭ്യമാക്കും വിധമാണ് നിർണയ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, ജില്ലാ മെഡിക്കൽ ഓഫീസർ എം. പീയുഷ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. അനിൽകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ സി.പി. ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ..ചന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.