എയർ ഇന്ത്യ എക്സ്പ്രസിന്റെ വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിച്ചില്ല
1601958
Wednesday, October 22, 2025 7:58 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിക്കാൻ നടപടിയായില്ല. ശൈത്യകാല ഷെഡ്യൂളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചത്. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ഉൾപ്പടെ ഇടപെട്ട് നടത്തിയ ചർച്ചയിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സർവീസുകൾ മാത്രമാണ് പുനഃസ്ഥാപിച്ചത്.
സർവീസ് ക്രമീകരണത്തിന്റെ ഭാഗമായാണ് കുറവ് വരുത്തിയതെന്നും വരുന്ന ഷെഡ്യൂളുകളിൽ സർവീസുകൾ വീണ്ടും തുടങ്ങുമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ കിയാൽ അധികൃതർ വിമാനക്കമ്പനിയുമായി ചർച്ച നടത്തുന്നുണ്ട്. കണ്ണൂരിൽ നിന്ന് പ്രതിമാസം 168 അന്താരാഷ്ട്ര സർവീസുകളുടെ കുറവാണ് ശൈത്യകാല ഷെഡ്യൂൾ പ്രസിദ്ധീകരിച്ചപ്പോഴുള്ളത്.
ബഹ്റൈൻ, കുവൈത്ത്, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സപ്രസിന്റെ നേരിട്ടുള്ള സർവീസുകളുണ്ടാകില്ല. ദുബായ്, ഷാർജ, റാസൽഖൈമ, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കുറച്ചിട്ടുണ്ട്. അബുദാബിയിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ 10 ൽ നിന്ന് ഏഴായും ദുബായിലേക്ക് എട്ടിൽ നിന്ന് ഏഴായും കുറച്ചു. ഷാർജയിലേക്ക് 12ൽ നിന്ന് ഏഴായും മസ്കറ്റിലേക്ക് ഏഴിൽ നിന്ന് നാലായും കുറച്ചിട്ടുണ്ട്. റാസൽഖൈമയിലേക്ക് പ്രതിവാരം മൂന്നു സർവീസുള്ളത് രണ്ടാക്കി. ആഴ്ചയിൽ 42 സർവീസുകളുടെ കുറവാണ് ഉണ്ടാകുക.
അതേ സമയം ആഭ്യന്തര സെക്ടറിൽ ബംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലു സർവീസുള്ളത് പ്രതിദിനമാക്കി ഉയർത്തി. തിരുവനന്തപുരത്തേക്ക് രണ്ടു സർവീസുള്ളത് അഞ്ചാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസ് നടത്തും. അന്താരാഷ്ട്ര സർവീസുകളും മാറ്റമില്ലാതെ തുടരുന്നുണ്ട്.
വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ച അടുത്ത ദിവസം വീണ്ടും നടക്കുമെന്നാണ് വിവരം. സർക്കാരും വിമാനകമ്പനി അധികൃതരുമാണ് ചർച്ച നടക്കുക. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കുറച്ചതോടെ കണ്ണൂർ വിമാനത്താവളത്തിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഏഴു വർഷം പിന്നിട്ടിട്ടും എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്.
സർവീസുകൾ വൻതോതിൽ കുറയുന്നത് യാത്രക്കാരുടെ എണ്ണത്തെയും കിയാലിന്റെ വരുമാനത്തെയും ബാധിക്കും. രണ്ടു വർഷം മുമ്പ് ഗോഫസ്റ്റ് സർവീസ് അവസാനിപ്പിച്ചപ്പോൾ ഉണ്ടായതിന് സമാനമായ പ്രതിസന്ധിയാണിത്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു. വരുമാനത്തിലും ക്രമമായ വർധന വരുത്തിക്കൊണ്ടുവരുമ്പോഴാണ് ഈ തിരിച്ചടി.