ഡയാലിസിസ് രോഗികളുടെ കൈത്താങ്ങിനായി റാപ് മ്യൂസിക് ഷോ നവംബർ ഒമ്പതിന് കണ്ണൂരിൽ
1601951
Wednesday, October 22, 2025 7:57 AM IST
ചെമ്പേരി: മലയോര മേഖലയിലെ ഡയാലിസിസ് രോഗികൾക്ക് ആശ്രയമേകി കഴിഞ്ഞ ഏഴ് വർഷക്കാലമായി ചെമ്പേരിയിൽ പ്രവർത്തിച്ചുവരുന്ന ഡയാലിസിസ് സെന്ററിന്റെ വിപുലീകരണത്തിനായുള്ള ധനശേഖരണാർത്ഥം യംഗ് മൈൻഡ്സ് ഇന്റർനാഷണൽ (വൈഎംഐ) ചെമ്പേരി ടൗൺക്ലബിന്റെ ആഭിമുഖ്യത്തിൽ റാപ് സംഗീത മേള സംഘടിപ്പിക്കുന്നു.
നവംബർ ഒന്പതിന് വൈകുന്നേരം ആറിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് 'സോൾ ഫുൾ ബീറ്റ്സ് 2025' എന്ന പേരിൽ സംഗീത മേള സംഘടിപ്പിക്കുന്നത്. പ്രശസ്ത റാപ് മ്യൂസിക് താരങ്ങളായ വേടൻ, എംസി കൂപ്പർ, വിമൽ സ്റ്റിക്ക് എന്നിവരടങ്ങിയ ഗായകരാണ് പരിപാടി അവതരിപ്പിക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മലയോര സിരാകേന്ദ്രമായ ചെമ്പേരിയിൽ ഏഴ് വർഷം മുമ്പ് ആരംഭിച്ച ഡയാലിസിസ് സെന്ററിൽ സാധാരണക്കാരിൽ നിന്ന് നാമമാത്രമായ തുക ഈടാക്കിയും നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായുമാണ് ചികിത്സ നൽകുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ 15,000 സൗജന്യ ഡയാലിസിസുകളാണ് ഈ സെന്ററിൽ നടത്തിയത്.
15000 ആളുകൾക്ക് സംഗീതവിരുന്ന് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ കേരളത്തിൽ വളരെ അപൂർവമായി ഒരുക്കുന്ന അതിനൂതന സംവിധാനങ്ങളോടെയുള്ള സൗണ്ട് സിസ്റ്റം, ലൈറ്റ് ഷോ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളോടെ പരിപാടിയുടെ നടത്തിപ്പ് ചുമതല ബിആർജെ അസോസിയേറ്റ്സ് എന്ന ഇവന്റ് മാനേജ്മെന്റ് ടീമിനാണ്.
പ്രവേശന ടിക്കറ്റുകൾ ഓൺലൈൻ ആപ്പുകൾ മുഖേനയും ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചെമ്പേരി വൈഎംഐ ക്ലബ് പ്രസിഡന്റ് സാജു മണ്ഡപത്തിൽ, സംഘാടക സമിതി ജനറൽ കൺവീനർ ഫാ.ജോമോൻ ചെമ്പകശേരി, ജോയിന്റ് കൺവീനർമാരായ ബിജു പേണ്ടാനത്ത്, ജോമി ചാലിൽ, വിവിധ കമ്മിറ്റി കൺവീനർമാരായ രഞ്ജൻ മാത്യു, മാത്തുക്കുട്ടി ഉറുമ്പിൽ, പ്രകാശ് ജോൺ, ഷിനോ ചേന്നാട്ട്, അനീഷ് തോണക്കര, ജിൽസൺ വെളിയത്ത്, ജെറിൻ ജോസ്, റോയി തുറുവേലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.