ഭിന്നശേഷി ജില്ലാ കായികമേള
1461293
Tuesday, October 15, 2024 7:10 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബിആർസിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ജില്ലാതല ഇൻക്ലൂസീവ് അത്ലറ്റിക്ക് ഓപ്പൺ സെലക്ഷൻ മത്സരം സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വി. സുജാത നിർവഹിച്ചു.
കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലാണു മത്സരം നടന്നത്. ജില്ലയിലെ 15 ബിആർസി കളിൽ നിന്നായി 125 ഓളം ഭിന്നശേഷി വിദ്യാർഥികളാണു മത്സരത്തിൽ പങ്കാളികളായത്.
ഓട്ടം, ജംപിംഗ്, റിലേ, ഷോട്ട്പുട്ട്, ബോൾ ത്രോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണു വിദ്യാർഥികൾ മാറ്റുരയ്ക്കാനെത്തിയത്. ആദ്യമായി മത്സരവേദിയിലെത്തിയതിന്റെയും സമ്മാനങ്ങൾ വാരിക്കൂട്ടാനുമുള്ള ആവേശത്തിലായിരുന്നു ഓരോ വിദ്യാർഥിയും.
14 വയസിനു താഴെയും14 വയസിനു മുകളിലുമായി ആൺ, പെൺ മിക്സഡ് വിഭാഗങ്ങളിലായിരുന്നു മത്സരം. ജില്ലാതല മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത നേടും. ഉദ്ഘാടന ചടങ്ങിൽ എച്ച്എം ഇൻ ചാർജ് ദീപ, എ. സതീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.