കച്ചേരിക്കടവ്-പാലത്തുംകടവ് സോളാർ വേലിയുടെ നിർമാണം ആരംഭിച്ചു
1460978
Monday, October 14, 2024 7:05 AM IST
ഇരിട്ടി: കച്ചേരിക്കടവ്-പാലത്തുംകടവ് നിവാസികളുടെ നിരന്തര ആവശ്യമായിരുന്ന സോളാർ വേലിയുടെ നിർമാണം ആരംഭിച്ചു. കച്ചേരിക്കടവ് മുതൽ പാലത്തുംകടവുവരെയുള്ള ഏഴു കിലോമീറ്റർ സോളാർ വേലിയുടെ നിർമാണമാണ് കഴിഞ്ഞ ദിവസം കച്ചേരിക്കടവിൽ നിന്നും ആരംഭിച്ചത്. ഏഴുകിലോമീറ്ററിൽ രണ്ട് റീച്ചുകളായാണ് നിർമാണം നടക്കുക.
ആദ്യത്തെ മൂന്നു കിലോമീറ്ററിന് 23.20 ലക്ഷം രൂപയും രണ്ടാമത്തെ നാലുകിലോമീറ്റർ റീച്ചിന് 30.60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബാരാപോൾ പുഴയുടെ അതിർത്തിയിലൂടെയാണ് സോളാർ വേലി കടന്നുപോകുന്നത്. വേലിയുടെ നിർമാണം പൂർത്തിയായാൽ കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന ആനകളെ പ്രതിരോധിക്കാൻ കഴിയും. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്.
ആദ്യത്തെ മൂന്നു കിലോമീറ്റർ കാടുകൾ വെട്ടിമാറ്റുന്ന പണയിയാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട പദ്ധതി വൈകിയതോടെ ആനയുടെ ആക്രമണം വർധിക്കുകയും അയ്യൻകുന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് വനംവകുപ്പ് അധികൃതരെ പ്രദേശത്ത് തടഞ്ഞുവെച്ചിരുന്നു.
കെല്ലിനാണ് നിർമാണത്തിന്റെ മേൽനോട്ട ചുമതല. നിർമാണത്തിൽ നാട്ടുകാരുടെ സജീവ പിന്തുണയാണ് ലഭിക്കുന്നത്. വാർഡ് മെംബർ ഐസക് ജോസഫ്, ഇരിട്ടി ഫോറസ്റ്റ് ഓഫീസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് കൃഷ്ണശ്രീ, വിൽസൺ കുറുപ്പൻ പറമ്പിൽ, ടോമി സൈമൺ, ജോബീഷ് നെരിമറ്റം, സോജൻ ചാലിൽ, ജോസ് മണിക്കൊമ്പേൽ, ബിജു എന്നിവർ നേതൃത്വം നൽകി.