കിയാലിന്റെ നടപടികളിൽ സുതാര്യത ഉറപ്പാക്കണം: സജീവ് ജോസഫ്
1460758
Saturday, October 12, 2024 5:18 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള കമ്പനിയിലെ നിയമനങ്ങളിലും കരാറുകളിലും സുതാര്യത ഉറപ്പാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകളും നിയമനങ്ങളും സംബന്ധിച്ച് വലിയ പരാതികളാണ് ഉയർന്നിട്ടുള്ളത്.
പ്രധാന ചുമതലക്കാരായ ചീഫ് സെക്യൂരിറ്റി ഓഫീസറെയും ഫയര്‍ സര്‍വീസ് ഹെഡിനെയും നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. വിമാനത്താവളത്തെ ലാഭത്തിലാക്കാനായി പൊതുമേഖല സ്ഥാപനമായ കിറ്റ്കോ നൽകിയ റിപ്പോർട്ട് കയ്യിലിരിക്കെ കെപിഎംജിയെ നിയോഗിച്ചത് സംശയകരമാണ്.
17 കോടി രൂപയാണ് അവര്‍ക്ക് കൊടുത്തത്. കിയാൽ 750 കോടി രൂപയുടെ നഷ്ടത്തില്‍ പോകുമ്പോഴാണ് അന്നേക്ക് ഏഴു മാസം മുമ്പ് നിയമിതമായ വിമാനത്താവള എംഡിക്ക് വാര്‍ഷിക ശമ്പളം 38.09 ലക്ഷത്തില്‍ നിന്ന് 50.16 ലക്ഷമായി ഉയര്‍ത്തിയത്. വിമാനത്താവള നടത്തിപ്പിന് സർക്കാർ കോടികൾ അനുവദിക്കുമ്പോഴും സിഎജി ഓഡിറ്റ് അനുവദിക്കുന്നില്ല.
വിവരാവകാശവും ബാധകമല്ല. കിയാല്‍ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാണെന്നും അല്ലെന്നുമുള്ള പരസ്പര വിരുദ്ധമായ വാദങ്ങളുടെ നിജസ്ഥിതി അറിയാന്‍ താത്പര്യമുണ്ടെന്നും സജീവ് ജോസഫ് പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഓഹരി ഉടമകൾ വരെ രംഗത്ത് വന്ന സാഹചര്യത്തിൽ പരാതികളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു.
സർക്കാർ നിലപാട് അപക്വമെന്ന് കോൺഗ്രസ്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതിന് ശേഷവും അതിനെതിരായി എല്ലാവരുമായും ആലോചിച്ചും കൂട്ടിയോജിപ്പിച്ചും സമ്മർദം ചെലുത്തിയും ലക്ഷ്യം നേടാൻ ശ്രമിക്കാതെ സർക്കാർ പ്രസ്താവനകൾ കൊണ്ട് പുകമറ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
സർക്കാർ നിലപാട് അപക്വമാണെന്നും യോഗം കുറ്റപ്പെടുത്തി. തങ്ങളുടെ താൽപര്യത്തിനനുസരിച്ച് കിയാൽ പൊതു ഉടമസ്ഥതയിലാണെന്നും സ്വകാര്യ കമ്പനിയാണെന്നും മാറ്റി മാറ്റിപ്പറയുന്ന സംസ്ഥാന സർക്കാർ നിലപാടിൽ വൈരുദ്ധ്യമുണ്ടെന്ന് കിയാലിന്റെ തുടക്കകാലത്ത് വിവരാവകാശ നിയമവും സിഎജി ഓഡിറ്റും ഉണ്ടായിരുന്നത് പിണറായി സർക്കാർ വന്നതിന് അവസാനിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില പറഞ്ഞു.