സിപിഎം -ബിജെപി കൂട്ടുകെട്ടിനെതിരായ വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: ഷാഫി പറന്പിൽ
1460301
Thursday, October 10, 2024 8:54 AM IST
കണ്ണൂർ: തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടായ കൂട്ടുകെട്ടിനെതിരായ വിധിയെഴുത്തായിരിക്കും പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്ന് ഷാഫി പറന്പിൽ എംപി.
വോട്ടുകച്ചവടത്തിനെതിരായ വിധിയെഴുത്താണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നല്കാൻ പോകുന്നതെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യനും ജനക്ഷേമപ്രവർത്തനങ്ങളിൽ തത്പരനും നിയമസഭയിൽ പാലക്കാടിന്റേതടക്കം ജനകീയ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കും യുഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കും. സ്ഥാനാർഥി ആരാകണമെന്ന തന്റെ അഭിപ്രായം പാർട്ടി വേദിയിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലവിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. എൽഡിഎഫ് സർക്കാരിനെതിരേ അത്രയും വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. അതിനാൽ പാലക്കാട് യുഡിഎഫ് നിലനിർത്തുമെന്നും തൃശൂരിൽ ബിജെപി വിജയത്തിന് പാലക്കാട് ജനത നല്കുന്ന തിരിച്ചടിയായിരിക്കും ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും ഷാഫി പറന്പിൽ പറഞ്ഞു.