നായനാർമല ക്വാറി നിരോധിക്കും വരെ ശക്തമായ സമരം: ജനകീയ കമ്മിറ്റി
1459965
Wednesday, October 9, 2024 7:40 AM IST
ചെമ്പേരി: ചെമ്പന്തൊട്ടിയിലെ നൂറുകണക്കിന് കുടുംബങ്ങളെ അപകട ഭീഷണിയിലാക്കിയ നായനാർമല ക്വാറി സ്ഥിരമായി നിരോധിക്കും വരെ അതിശക്തമായ സമരം തുടരുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്വാറിക്ക് നിലവിൽ ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയുണ്ട്.
ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറി ക്വാറി സന്ദർശിച്ച് കണ്ടെത്തിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കൊടുത്ത നോട്ടീസിനു ക്വാറി ഉടമ നൽകിയ മറുപടി ജനപ്രതിനിധികളെയും വിവിധ മതമേലധ്യക്ഷന്മാരേയും അവഹേളിക്കുന്ന രീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ക്വാറി പൂർണമായും അടച്ചുപൂട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
സകല നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറി ഉടൻ നിർത്തലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, സജീവ് ജോസഫ് എംഎൽഎ അടക്കം വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, മത, സാമൂഹിക, കർഷക സംഘടനകളുടേയും നേതൃത്വത്തിൽ ക്വാറിയുടെ പ്രവർത്തനം പൂർണമായും നിരോധിക്കാൻ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ഉപവാസസമരവും ക്വാറിയിലേക്ക് ജനകീയ മാർച്ചും നടത്തിയിരുന്നു.
പ്രദേശവാസികളായ അയ്യായിരം പേർ ഒപ്പിട്ട നിവേദനം ജില്ലാകളക്ടർക്കും ജിയോളജി വകുപ്പിനും നൽകിയിട്ടുണ്ട്. റവന്യു മന്ത്രിക്കും ജനകീയ കമ്മറ്റി നിവേദനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ വില്ലേജ് ഓഫീസറും നഗരസഭയും ക്വാറിക്ക് താൽക്കാലിക സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ആർഡിഒയും ജിയോളജി ഉദ്യോഗസ്ഥരും ക്വാറി സന്ദർശിച്ച് നിയമലംഘനങ്ങൾ ബോധ്യപ്പെട്ടിരുന്നു.
സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭീമൻ ക്വാറി ബഞ്ച് അടിക്കാതെ ആയിരത്തിൽപ്പരം അടി ഉയരത്തിൽ കുത്തനെയാണ് ഖനനം നടത്തുന്നത്. ക്വാറിയിലും ക്രഷറിലും മലപോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലുമടങ്ങിയ അവശിഷ്ടങ്ങൾ കനത്ത മഴ പെയ്യുമ്പോൾ പുഴപോലെ താഴോട്ടൊഴുകി മലയടിവാരത്ത് താമസിക്കുന്ന ജനങ്ങളുടെ കൃഷിയിടങ്ങളും ജലാശയങ്ങളും മലിനമാകുന്നതും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുന്നതും സാധാരണമായിട്ടുണ്ട്. എന്തു വില കൊടുത്തും ഈ ക്വാറിയുടെ പ്രവർത്തനം ഇല്ലാതാകുംവരെ ശക്തമായ ജനപങ്കാളിത്ത സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.