പൈപ്പിടാൻ എടുത്ത കുഴി ശരിയായി മൂടിയില്ല; ജനം ദുരിതത്തിൽ
1459782
Tuesday, October 8, 2024 8:27 AM IST
തൊണ്ടിയിൽ: ജൽജീവൻ കുടിവെള്ള പദ്ധതിക്കായി വാട്ടർ അഥോറിറ്റി കുഴിയെടുത്തതു കാരണ പേരാവൂർ-മണത്തണ-തൊണ്ടിയിൽ റോഡിലെ കോറ കല്ലടി പ്രദേശത്ത് വാഹനയാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു. പൈപ്പിട്ട ശേഷം ജെസിബി ഉപയോഗിച്ച് റോഡരികിലെടുത്ത കുഴി ശരിയായ രീതിയിൽ മൂടാത്തതാണ് ദുരിതത്തിനു കാരണം.
തങ്ങളുടെ വാഹനങ്ങൾ റോഡിൽ നിന്നു വീട്ടിലേക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾ. മഴകാരണം റോഡ് ചെളിക്കുളമായും മാറിയിട്ടുണ്ട്. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിൽ താഴ്ന്നു പോകുന്നതും പതിവാണ്. റോഡിന്റെ ശോചനീയവസ്ഥ കാരണം അത്യാവശ്യഘട്ടത്തിൽ ആശുപത്രികളിൽ പോകേണ്ടവർ പോലും ദുരിതമനുഭവിക്കുകയാണ്.
റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ ഒരാഴ്ച സമയമെടുക്കും എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.