സ്പെഷൽ സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും : കോഴിക്കോട് മുന്നിൽ
1459129
Saturday, October 5, 2024 7:29 AM IST
കണ്ണൂർ: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിശീല വീഴും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കലോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്നലെയും ഇന്നും കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികളുടെ മത്സരമായിരുന്നു.
രണ്ടുദിനം പിന്നിട്ടപ്പോൾ 398 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 349 പോയിന്റുമായി തൃശൂർ രണ്ടാമതും 331 പോയിന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്. കോട്ടയം (292 പോയിന്റ്), തിരുവനന്തപുരം (288 പോയിന്റ്) ജില്ലകൾ പിന്നിലായുണ്ട്.
സ്കൂളുകളിൽ 54 പോയിന്റോടെ സെൻ ക്ലെയർ ഓറൽ സ്കൂൾ ഫോർഡ് ദി ഡഫ് ഒന്നാം സ്ഥാനത്തും 53 പോയിന്റോടെ കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോടും മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഫോർഡ് ദി ഡഫ് ചെർക്കളയും രണ്ടാം സ്ഥാനത്തുണ്ട്. 51 പോയിന്റുമായി കണ്ണൂർ ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് മൂന്നാം സ്ഥാനത്തുമുണ്ട്.
കാഴ്ച പരിമിതരുടെ വിഭാഗത്തിൽ 75 പോയിന്റുമായി കൊളത്തറയിലെ കോഴിക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും ഒലാസ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ് 61 പോയിന്റുമായി രണ്ടാംസ്ഥാനത്തുമുണ്ട്.