ജില്ലയിൽ പൊതുമരാമത്ത് നടപ്പാക്കുന്നത് നിരവധി പദ്ധതികൾ: മന്ത്രി റിയാസ്
1458645
Thursday, October 3, 2024 5:32 AM IST
കണ്ണൂർ: ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ഇതിനകം പ്രധാന പദ്ധതികൾ പൂർത്തിയാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 കോടി രൂപ ചെലവിൽ 11 പാലങ്ങളുടെ നിർമാണം ജില്ലയിൽ നടന്നുവരികയാണ്.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആലക്കോട് പാലം മൂന്നുകോടി 80 ലക്ഷം രൂപ ചെലവിലും ചൊവ്വ-കൂത്തുപറമ്പ് മൂന്നാം പാലത്തിലെ രണ്ടു പാലങ്ങൾ മൂന്നു കോടി 80 ലക്ഷം രൂപ ചെലവിലും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. വണ്ണാത്തിക്കടവ് പാലത്തിന് എട്ടുകോടി 49 ലക്ഷം രൂപ ചെലവഴിച്ചു. പത്തുകോടി പത്തുലക്ഷം രൂപ ചെലവിൽ അലക്സ് നഗർപാലവും മട്ടന്നൂർ ഉണ്ടയിൽപൊയിൽ കോട്ടയിലം പാലം 4.94 കോടി രൂപ ചെലവിലും പൂർത്തീകരിച്ചു.
കിഫ്ബി വഴി 58 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂർ-അമ്പലത്തറ-കാനായി മണിയറവയൽ റോഡ് അതിന്റെ ഏഴു മീറ്റർ മെക്കാഡം ടാറിംഗ് പൂർത്തീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവഴിച്ച് കുപ്പം-ചുടല-പാണപ്പുഴ-കണാരം വയൽ-മാതമംഗലം റോഡിന്റെ നിർമാണം പൂർത്തിയാക്കി. ഇരിക്കൂർ, പയ്യന്നൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രയറോം-മൂന്നാംകുന്ന് റോഡ് 12 കോടി രൂപ ചെലവിലും തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പുഷ്പഗിരി നെല്ലിപ്പാറ വെള്ളാവ് റോഡ് പത്തുകോടി രൂപ ചെലവഴിച്ചും പൂർത്തിയാക്കിയിട്ടുണ്ട്.
ദേശീയപാത 66ന്റെ പ്രവൃത്തി എല്ലാ മാസവും വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ യോഗം വിളിക്കുന്നുണ്ട്. ജില്ലാ കളക്ടറും പ്രവർത്തനങ്ങളുടെ പുരോഗതി ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.