ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്: പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചു
1458491
Wednesday, October 2, 2024 8:36 AM IST
തലശേരി: ഭാര്യയെ അടിച്ചുവീഴ്ത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ടു കൊന്നുവെന്ന കേസിൽ യുവാവിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. നടുവിൽ ഒറ്റത്തൊട്ടി സ്വദേശി കെ. ബിജുവിനെയാണ് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജില്ലാ ജഡ്ജി ഫിലിപ്പ് തോമസ് വെറുതെ വിട്ടത്.
2011 ഏപ്രിൽ 21 നാണ് കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയെയും മക്കളെയും കോഴിക്കോട് ചെന്ന് കൂട്ടിക്കൊണ്ട് വന്നശേഷം രണ്ടു മക്കളോടൊപ്പം വീട്ടിൽ വിശ്രമിക്കുമ്പോൾ ഭാര്യയെ പ്രതി തോക്കു പോലുള്ള സാധനം കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച ശേഷം എടുത്തുകൊണ്ടുപോയി മുങ്ങി മരണം എന്ന് തെറ്റിദ്ധരിപ്പിക്കുവാൻ കിണറ്റിലിട്ടു കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
ശ്രീകണ്ഠാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മകൻ ഉൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിച്ചു. കിണറ്റിൽ നിന്ന് കണ്ടെടുത്ത തോക്കുപോലുള്ള ആയുധം കോടതി മുമ്പാകെ ഹാജരാക്കിയത് സാക്ഷികൾ തിരിച്ചറിഞ്ഞുവെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ തോക്കുപോലുള്ള ആയുധംകൊണ്ട് ഉണ്ടാകാവുന്ന മുറിവല്ല കഴുത്തിനേറ്റതെന്ന സുപ്രധാനമായ കണ്ടെത്തലാണ് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വിട്ടയയ്ക്കാൻ കാരണമായത്. പ്രതിക്ക് വേണ്ടി അഡ്വ.ബി.പി. ശശീന്ദ്രൻ, അഡ്വ. ബിനോയ് തോമസ് തളിപ്പറമ്പ് എന്നിവർ ഹാജരായി.