കല്ലുമുട്ടിയിലെ പാർക്കിന്റെ നവീകരണ പ്രവൃത്തി തുടങ്ങി
1454817
Saturday, September 21, 2024 2:04 AM IST
ഇരിട്ടി: കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി തലശേരി-കൂട്ടുപുഴ റോഡരികിൽ കല്ലുമുട്ടയിൽ പുഴയോരത്തോടു ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിർമിച്ച പാർക്കിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ഇവിടെ നിർമിച്ച പാർക്ക് പരിപാലിക്കാതെ കാടുകയറി മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമായി മാറുകയായിരുന്നു. ഇതേക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ പായം പഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുത്ത് ഇവിടെ വീണ്ടും പാർക്ക് നിർമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
ഹരിതകർമസേനയാണ് പാർക്കിന്റെ നവീകരണം നടത്തുന്നത്. കാടുകയറി നശിച്ച പാർക്ക് ശുചീകരിച്ച് പൂച്ചെടികൾ വച്ചുപിടിപ്പിച്ച് ഇരിപ്പിടം ഒരുക്കുന്നതോടെ അന്തർസംസ്ഥാന പാതയിലെ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മനോഹരമായ സ്ഥലമായി ഇവിടം മാറും. തലശേരി-കൂട്ടുപുഴ റോഡിൽ ഇത്തരത്തിൽ നിരവധി പാർക്കുകളാണ് ഇപ്പോഴും കാടുപിടിച്ചു നശിക്കുന്നത്.
പാർക്കിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. സാജിത്ത്, ബിജു കോങ്ങാടൻ, സെക്രട്ടറി ഇൻ ചാർജ് കെ.ജി. സന്തോഷ്, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക, സജിത, ഗിരിജ, ബിനീഷ് വർഗീസ്, കെ. രാജേഷ്, വി.ജി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.