അടയ്ക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി; മലയോരം പ്രതീക്ഷയിൽ
1454541
Friday, September 20, 2024 1:55 AM IST
കേളകം: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അടയ്ക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി നിർമാണ ഘട്ടത്തിലേക്ക് അടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമിച്ച് മൂന്നു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതുസ്വകാര്യ സംയുക്ത സംരംഭമായാണ് നിർമിക്കുന്നത്.
ചെന്നൈയിലെ ശ്രീ ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണകരാർ എടുത്തിരി ക്കുന്നത്. വനം വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാനുണ്ട്. വൈദ്യുതി ഉത്പാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള സർക്കാരിന്റെ തീരുമാനപ്രകാരമാണ് അടയ്ക്കാത്തോട് പദ്ധതി സജീവ പരിഗണനയിലേക്ക് വരുന്നത്.
സർക്കാർ നിർദേശപ്രകാരം 2023 ഒക്ടോബർ 20 ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സംയുക്ത പരിശോധന പദ്ധതി പ്രദേശമായ കരിയം കാപ്പിലും നടന്നു.
ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി പെൻസ്റ്റോക്ക് വഴി വെള്ളം കരിയംകാപ്പിൽ നിർമിക്കുന്ന പവർ ഹൗസിലെത്തിച്ച് മൂന്നു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക യാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററാണ് പദ്ധതിയുടെ നോഡൽ ഏജൻസി. പദ്ധതി പൂർത്തിയാക്കി പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ സർക്കാരിന് കൈമാറുന്ന രീതിയിലാണ് കരാർ.
പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ പുരോഗമി ക്കുകയാണെന്നും പദ്ധതിക്കായി വനംവകുപ്പിന്റെ അനുമതി ലഭിക്കാനുണ്ടെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.