കുന്നത്തൂർ പാടിയിൽ പുത്തരി ആഘോഷം 22ന്
1454241
Thursday, September 19, 2024 1:42 AM IST
പയ്യാവൂർ: കുന്നത്തൂർ പാടിയിലെ അടിയാൻ ഗോത്രവിഭാഗത്തിന്റെ പുത്തരി ആഘോഷം 22ന് നടക്കും. പാടിയിലെ അടിയാന്മാരുടെ അധിവാസ കേന്ദ്രത്തിലാണു പുത്തരി ആഘോഷം നടത്തുന്നത്.
അതിനായി പനയോല കൊണ്ടുള്ള മടപ്പുര തയാറാക്കി കഴിഞ്ഞു. കന്നിമാസത്തിലാണ് അടിയന്മാർ പുത്തരി നടത്താറുള്ളത്. മുത്തപ്പന് പൈങ്കുറ്റി വച്ചതിനുശേഷം രണ്ട് അടിയാത്തികൾ അടിയാന്മാരുടെ തോട്ടിൽ കുളിക്കാൻ പോകുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
കുളിച്ചുവരുന്ന അടിയാത്തികൾ ആരും കാണാതെ മടപ്പുരയിൽ കയറി നെല്ല് കുത്തി അരിയാക്കും.
അതിനുശേഷം സ്ഥാനികനായ ചന്ദൻ തോട്ടിൽ കുളിച്ച് വെള്ളവുമായി മടപ്പുരയിലെത്തി ആരും കാണാതെ തന്നെ മുത്തപ്പനും മൂലംപെറ്റ അമ്മക്കുമുള്ള പുത്തരിച്ചോറും മത്തൻ കൊണ്ടുള്ള കറിയും തയാറാക്കി നിവേദിക്കും.
അതിനുശേഷമാണു മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നത്.
പിറ്റേന്ന് മറുപുത്തരിയോടെ പുത്തരി ആഘോഷ ചടങ്ങുകൾ സമാപിക്കുമെന്ന് അടിയാൻ സമുദായ സമാജം സെക്രട്ടറി ഉണ്ണി പെരുംകുളത്ത് അറിയിച്ചു. അടിയാന്മാരുടെ പുത്തരിക്കുശേഷമാണു പൊടിക്കളത്തിൽ പുത്തരി നടത്താറുള്ളത്.