പരിസ്ഥിതിലോല വില്ലേജുകളിലെ കർഷകരുടെ ആശങ്ക അകറ്റാൻ സർക്കാർ ഇടപെടണം: മാർ ജോസഫ് പാംപ്ലാനി
1454240
Thursday, September 19, 2024 1:42 AM IST
തലശേരി: പരിസ്ഥിലോല പ്രദേശങ്ങളെ (ഇഎസ്എ) സംബന്ധിക്കുന്ന കേന്ദ്രസർക്കാരിന്റെ 2024 ജൂലൈ 31 ലെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന് മറുപടി നൽകാനുള്ള അന്തിമ തീയതി സെപ്റ്റംബർ 30 ആയിരുന്നിട്ടും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗത അവസാനിപ്പിച്ച് കർഷകരുടെ ആശങ്ക അകറ്റാൻ സർക്കാർ സത്വരമായി ഇടപെടണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
കേരളത്തിലെ 131 വില്ലേജുകളിലെ സാധാരണക്കാരായ കർഷകർ അപകടകരമായ ആശങ്കയിലാണ്. ഇഎസ്എ ആയി നിശ്ചയിട്ടുള്ള 9993.7 സ്ക്വയർ കിലോമീറ്റർ ഭൂമിയിൽ പ്രദേശവാസികളുടെ കൃഷിഭൂമി ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി അറിയാൻ മാർഗങ്ങളില്ലാതെ കർഷകരെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്.
കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് പ്രസിദ്ധീകരിച്ച ഇഎസ്എ അതിർത്തി മാപ്പും ഇഎസ്എ വില്ലേജ് മാപ്പും വസ്തുതകൾ വ്യക്തമാക്കുന്നതിനു പകരം സങ്കീർണമാക്കുകയാണെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളെ മാതൃകയാക്കി ജിയോ കോർഡിനേറ്റ് പോയിന്റുകൾ വ്യക്തമായി രേഖപ്പെടുത്തി ജനങ്ങളുമായി ചർച്ച ചെയ്ത് അന്തിമരൂപത്തിലുള്ള മാപ്പ് സമർപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാകണം.
സംരക്ഷിത വനമേഖല, വേൾഡ് ഹെറിറ്റേജ് സംരക്ഷിത മേഖല എന്നിവ മാത്രമേ ഇഎസ്എ മാപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് സർക്കാർ നൽകിയ ഉറപ്പ് നിർബന്ധമായും പാലിക്കപ്പെടണം.
ഇഎസ്എ ഉൾപ്പെടുന്ന 131 വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ്, റവന്യു വില്ലേജ് എന്നിങ്ങനെ രണ്ടായി തരംതിരിച്ച് കേരള സർക്കാർ വിജ്ഞാപനമിറക്കണം. അല്ലാത്തപക്ഷം ഇഎസ്എ നിയമത്തിന്റെ പേരിൽ പ്രസ്തുത വില്ലേജിലെ മുഴുവൻ മനുഷ്യരുടെയും ഭൂമി സംശയത്തിന്റെ നിഴലിൽ വിലയില്ലാത്തതാകുകയും ക്രയവിക്രയങ്ങളും നിർമാണ പ്രവൃത്തികളും അസാധ്യമാകുകയും ചെയ്യും.
ആയുസ് മുഴുവൻ അധ്വാനിച്ച ഏക സന്പാദ്യമായ കൃഷിഭൂമി മൂല്യരഹിതമാകുന്ന ഗതികേടിൽനിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ സത്വരമായി ഇടപെടണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.