കമുകിന് മഞ്ഞളിപ്പ് രോഗം കർഷകർക്ക് ദുരിതം
1453580
Sunday, September 15, 2024 6:18 AM IST
ആലക്കോട്: മലയോരത്ത് കമുകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളുടെ കമുകിൻ തോട്ടങ്ങളിലാണ് രോഗം വ്യാപകമായത്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം മണ്ണിന്റെ ഘടന മാറുകയും കമുകിന്റെ പ്രതിരോധശക്തി കുറയുകയും ചെയ്യുന്നതാണ് കാരണമായി പറയപ്പെടുന്നത്.
ഇലയുടെ അഗ്രഭാഗത്താണ് രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഗ്രഭാഗത്തെ മഞ്ഞനിറം ഇലയുടെ നടുവിലൂടെ തവിട്ട് വരകൾ തെളിയുകയും ഇലകൾ മുഴുവൻ മഞ്ഞനിറം ബാധിക്കുകയും ക്രമേണ കരിയും ചെയ്യുന്നു. രോഗം ബാധിച്ച കമുകുകളിലെ ഉത്പാദനം പകുതിയായി കുറയുകയും ചെയ്യും.
അതേസമയം, കഴിഞ്ഞ വേനൽ രൂക്ഷമായതിനെ തുടർന്ന് ഒട്ടേറെ കമുകുകൾ ഉണങ്ങി നശിച്ചിരുന്നു. ശേഷിച്ചവയ്ക്കാണ് മഞ്ഞളിപ്പ് ബാധിച്ചു തുടങ്ങിയത്. ഭേദപ്പെട്ട വില ലഭിക്കുന്നതിനാൽ ഒട്ടേറെ കർഷകർ കമുക് കൃഷിയിലേക്ക് മാറിയിരുന്നു. അതിന് തിരിച്ചടി എന്നോണമാണ് രോഗത്തിന്റെ വ്യാപനം. അതോടെ കർഷകർ ആശങ്കയിലാണ്.
കമുകിന് രോഗം ബാധിച്ചാൽ ഒരുവർഷം വരെ നിലനിർത്തി അവയ്ക്ക് ആവശ്യമായ സംരക്ഷണം നൽകി ഭൂരിഭാഗം കമുകളെയും രക്ഷപ്പെടുത്തിയെടുക്കാം എന്ന് കൃഷിവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും കർഷകർക്ക് ആവശ്യമായ അറിവ് കൃഷി വകുപ്പ് നൽകുന്നില്ലെന്ന് പരാതിയുണ്ട്. കമുക് കൃഷി നിലനിർത്താനും, നശിച്ച കമുകിന് നഷ്ടപരിഹാരം നൽകാനും നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.