പ്രിയയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം യാഥാർഥ്യമായി
1453577
Sunday, September 15, 2024 6:18 AM IST
വായാട്ടുപറമ്പ്: സ്വന്തമായി വീടില്ലെന്ന വായാട്ടുപറമ്പ് താവുകുന്നിലെ അന്തിനാട്ട് പ്രിയയുടെയും(42) കുടുംബത്തിന്റെയും സങ്കടങ്ങൾക്ക് പരിഹാരമായി. ഒരു വർഷമായി വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി വാർഡിലെ മീമ്പറ്റിയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുതിയ വീടു നിർമിച്ചത്.
ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളും അസുഖബാധിതനായ ഭർത്താവ് (47) സന്തോഷുമൊത്താണ് പ്രിയ കഴിയുന്നത്. പ്രായമായ അച്ഛൻ ഭാസ്കരൻ ഇടുക്കിയിൽ ബന്ധുക്കളോടപ്പമാണുള്ളത്. ഇനി ഭാസ്കരനെയും ഇവിടേക്ക് കൊണ്ടുവരും. കുടുംബാംഗങ്ങളുടെ രോഗങ്ങളും കടബാധ്യതയും ജപ്തി നടപടികളും മൂലം കുടുംബസ്വത്തായുണ്ടായിരുന്ന താവുകുന്നിലെ 17 സെന്റ് സ്ഥലം വിൽക്കേണ്ടി വന്നതോടെയാണ് ഇവർ വാടക വീട്ടിലേക്ക് മാറേണ്ടി വന്നത്.
കഠിനമായ ജോലികൾ ചെയ്യാൻ ശാരീരിക പ്രശ്നങ്ങളുള്ള പ്രിയ കരുവഞ്ചാലിലെ പ്രീസ്റ്റ് ഹോമിൽ സഹായിയായി ജോലി ചെയ്തു വരികയാണ്.
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളി അധികൃതരുടെ ഇടപെടലിൽ സണ്ണി മാനാടിയേൽ മീമ്പറ്റിയിൽ ഏഴു സെന്റ് സ്ഥലം എഴുതി നൽകുകയായിരുന്നു. പ്രീസ്റ്റ് ഹോമിലെ വൈദികരും മറ്റ് നിരവധി മനുഷ്യസ്നേഹികളും ചേർന്നതോടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. നിർധനരായ മറ്റു ചിലർക്കും വീട് പണിയാനായി ഇതിനടുത്തായി സണ്ണി സ്ഥലം നൽകിയിട്ടുണ്ട്.
താക്കോൽദാന ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിത ബാലകൃഷ്ണൻ നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗം മനു തോമസ്, ജോഷി തോമസ് എന്നിവർ പ്രസംഗിച്ചു.