ഫർലോംകര എസ്ടി ഉന്നതിയിൽ ഒരു കോടിയുടെ വികസനാനുമതി
1453576
Sunday, September 15, 2024 6:18 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ ഫർലോംകര എസ്ടി ഉന്നതിയിൽ ഒരുകോടി രൂപയുടെ വികസനാനുമതി. പഞ്ചായത്തിലെ ഫർലോംകര എസ്ടി ഉന്നതിയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ വികസനം നടപ്പിലാക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തും.
പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്കായി ഫർലോംകര യിൽ നടന്ന ഊരുകൂട്ടം എംഎൽഎ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നിർവഹണ ഏജൻസിയായി പഞ്ചായത്തിനെ ചുമതലപ്പെടുത്തും. പൊതുവായതും വ്യക്തിഗതവുമായ നിരവധി ആവശ്യങ്ങൾ യോഗത്തിൽ ഊരുകൂട്ടത്തിലെ ആളുകൾ ഉന്നയിച്ചു. ഇതിൽ പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കും. ഇതിനായി എംഎൽഎ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.
കോളനിയിൽ വ്യക്തമായ പഠനം നടത്തിമികച്ച പദ്ധതികൾ തെരഞ്ഞെടുക്കും. തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തി പദ്ധതി സുഗമമാക്കും. ഊരു കൂട്ടം നിർദേശിക്കുന്ന പ്രവൃത്തികളാണ് നടപ്പിലാക്കുക.
യോഗത്തിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, പഞ്ചായത്ത് മെംബർ വത്സല പ്രകാശ്, പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസർ സി. വിനോദ് കുമാർ, ജോയി ജോസഫ്, കെ. കെ. രമേശ്, ആതിര നാരായണൻ എന്നിവർ പ്രസംഗിച്ചു.