ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു
1451723
Sunday, September 8, 2024 7:33 AM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്ത കെഎസ്ടിപി റോഡിൽ രാമപുരം പഴയപാലത്തിൽ മരം കയറ്റി പോകുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ലോറി ജീവനക്കാരായ രാം ശിന്ദ്, വിക്ഠൽ ശിന്ദ് എന്നീ മഹാരാഷ്ട്ര സ്വദേശികൾക്ക് പരിക്കേറ്റു
ഇരുവരും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് മരവുമായി മംഗളൂരുവിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ പെയ്ത ചാറ്റൽ മഴയ്ക്കിടെ എതിരേ വന്ന വാഹനത്തിൽ നിന്നുള്ള ശക്തമായ ലൈറ്റ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് ലോറിയിലുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിൽ ലോറിയുടെ എൻജിൻ ഉൾപ്പെടെ മുൻഭാഗം പൂർണമായും തകർന്നു.
ഈ മേഖലയിൽ അപകടം പതിവാകുകയാണ്. സിഗ്നലോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതും അമിത വേഗതയുമാണ് ഈ മേഖലയിൽ അപകടങ്ങൾ പെരുകാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.