ഡാം സുരക്ഷാ പരിശോധന കേരളത്തിന് ജാഗ്രത വേണം: കത്തോലിക്ക കോൺഗ്രസ്
1450638
Thursday, September 5, 2024 12:59 AM IST
പയ്യാവൂർ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള പരിശോധന നടത്താൻ കേന്ദ്ര ജല കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ കേരള സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. എറെ കാലപ്പഴക്കം ചെന്ന ഈ അണക്കെട്ട് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാൽ നിലവിലുള്ളതിന് പകരം പുതിയത് നിർമിക്കാൻ കേരള, കേന്ദ്ര സർക്കാരുകൾ മുൻകൈയെടുക്കണമെന്നും അതിന് സമർദ്ദം ചെലുത്താൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം നടപ്പാക്കാൻ കത്തോലിക്ക കോൺഗ്രസ് ശക്തമായി ഇടപെടുമെന്നും യോഗം അറിയിച്ചു. തോമാപുരം സെന്റ് തോമസ് പാരിഷ് ഹാളിൽ ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
തോമാപുരം ഫൊറോനാ വികാരി റവ.ഡോ. മാണി മേൽവെട്ടം, ഫാ. മാത്യു വളവനാൽ, ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ഷിനോ പാറയ്ക്കൽ, ഐ.സി. മേരി, ബിനോയ് തോമസ്, സാജു പടിഞ്ഞാറേട്ട്, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ഷാജു പരവംപറമ്പിൽ, ജോളി ജോസഫ് എള്ളരിഞ്ഞയിൽ, ജോസഫ് മാത്യു കൈതമറ്റം, ബിനു മണ്ഡപത്തിൽ, ബെന്നി ചേരിക്കത്തടത്തിൽ, ജിജി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.