20 ഏക്കറിലെ കൃഷി വിസ്മയം; അഗസ്റ്റിന് ക്ഷോണി സംരക്ഷണ അവാർഡ്
1444974
Thursday, August 15, 2024 1:48 AM IST
കരുവഞ്ചാൽ: സംസ്ഥാന ക്ഷോണീ അവാർഡ് തിളക്കത്തിൽ കരുവഞ്ചാൽ മാവുംചാലിലെ പാറത്താഴെ അഗസ്റ്റിൻ. മണ്ണ്, ജലസംരക്ഷണം ഉറപ്പുവരുത്തിയതിനാണ് നടുവിൽ പഞ്ചായത്തിലെ അഗസ്റ്റിനെ അവാർഡ് തേടിയെത്തിയത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മണ്ണ് ജലസംരക്ഷണം ഉറപ്പുവരുത്തി ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് 20 ഏക്കർ ഭൂമിയിൽ വിളകളുടെ വിസ്മയ തന്നെ തീർത്തിരിക്കുകയാണ് വെള്ളാട് സ്വദേശിയായ കുട്ടിയച്ചൻ എന്ന പാറത്താഴെ അഗസ്റ്റിൻ. 1952ൽ കോട്ടയം പാലായിൽ നിന്ന് മാവുഞ്ചാലിൽ കുടിയേറിയ തോമസ് പാറത്താഴയുടെ ഏഴുമക്കളിൽ മൂത്തയാളാണ് കുട്ടിയച്ചൻ. പതിനഞ്ചാം വയസിൽ പിതാവിനെ സഹായിക്കാൻ കൃഷിയിലിറങ്ങിയ അഗസ്റ്റിൻ എഴുപത്തിരണ്ടിലും പുതുപരീക്ഷണങ്ങളുടെ കലവറയിലാണ്. നാണ്യവിളകളും പഴവർഗങ്ങളും അഗസ്റ്റിന്റെ തോട്ടത്തിൽ സമൃദ്ധമാണ്. കുറ്റിയാടി, കേരശ്രീ, കേര സങ്കര, കേര സൗഭാഗ്യ, ലക്ഷഗംഗ തുടങ്ങി മുന്നൂറോളം തെങ്ങുകളും, കിണറ്റുംകര മുതൽ വിശ്വ ശ്രീ വരെ എട്ടിനത്തിനുള്ള 550 ജാതികളും, കൊക്കോ, കുരുമുളക്, വിവിധയിനം മാവുകൾ, പ്ലാവുകൾ, റമ്പുട്ടാൻ, മാങ്കോസ്റ്റിൻ, അഭിയു സ്റ്റാർ ആപ്പിൾ, ദുരിയൻ, പുലാസൻ, സന്തോൽ, വൈറ്റ് ഞാവൽ, അവക്കോട, സീതപ്പഴം, മട്ടോവ, മുള്ളാത്ത, മിറാക്കിൾ, വിവിധയിനം പേര, സപ്പോട്ട, മരമുന്തിരി ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വിദേശിയും സ്വദേശിയുമായ ഫലവൃക്ഷങ്ങൾ, 1200 ഓളം റബർ മരങ്ങൾ, നേന്ത്രൻ റോബസ്റ്റ, പൂവൻ വാഴകളും കൃഷി ചെയ്യുന്നു.
മൂന്നുവർഷം മുമ്പ് വരെ വെള്ളാട് ക്ഷീര സംഘത്തിൽ പ്രതിദിനം 100 ലിറ്ററിൽ അധികം പാൽ അളന്നിരുന്നു. ആട്, കോഴി, മത്സ്യം, തേനീച്ച, പുൽകൃഷി എന്നിവയും ചെയ്യുന്നുണ്ട്. കാർഷിക ഗവേഷണ സ്ഥാപനങ്ങളും മാതൃകാ കൃഷിത്തോട്ടങ്ങളും സന്ദർശിച്ച് കൃഷിയിടത്തിൽ നിരന്തരം പരീക്ഷണം നടത്തിവരുന്ന ഒരു കർഷക ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. കാർഷിക മാസികകളിലൂടെ ലഭിക്കുന്ന അറിവുകളും പ്രയോജനപ്പെടുത്തുന്നു.
കൃഷി ഉദ്യോഗസ്ഥരുടെ നിരന്തര നിർദേശങ്ങളും ശ്രവിക്കുന്നു. ചെങ്കുത്തായ കൃഷിയിടത്തിലെ മണ്ണ് ജല സംരക്ഷണത്തിനായി വർഷങ്ങളുടെ അധ്വാനത്തിലാണ് കല്ലു കയ്യാലകളും നീർക്കുഴികളും നിർമിച്ചിരിക്കുന്നത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള കൃഷിരീതിയും വളപ്രയോഗവു മാണ് കൃഷി വേറിട്ടതാക്കുന്നത്.
മലമുകളിൽ നിന്നുള്ള ഉറവ വറ്റത്ത വെള്ളം ടാങ്കിൽ സംഭരിച്ചാണ് ജലസേചനം നടത്തുന്നത്. ഭാര്യ ഗ്രേസിയം മകൻ ഷൈനും കൃഷിയിൽ സഹായിച്ചു വരുന്നു.