ദുരന്തത്തിൽ കേരളമൊന്നാകെ കൈകോർത്തത് കണ്ടാണ് പ്രധാനമന്ത്രി വയനാട്ടിലെത്തിയത്: എം.വി.ഗോവിന്ദൻ
1444138
Monday, August 12, 2024 1:03 AM IST
പിലിക്കോട് (കാസർഗോഡ്): നൂറുകണക്കിനാളുകൾ മരിക്കുകയും ഒരു നാട് തന്നെ ഇല്ലാതാകുകയും ചെയ്ത വയനാടിനെ ചേർത്ത് പിടിക്കാൻ ലോകം മുഴുവനും കൈകോർത്തപ്പോൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി വയനാട്ടിലെത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു.
രക്തസാക്ഷി പുത്തിലോട്ടെ ടി.കെ.ഗംഗാധരന്റെ 41-ാമത് ചരമ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു സംസ്ഥാനത്താണ് ഇത്തരമൊരു ദുരന്തം നടന്നെങ്കിൽ അർഹിക്കുന്നതിലേറെ സഹായം ആദ്യം പ്രഖ്യാപിക്കുമായിരുന്നു. കേരളമായത് കൊണ്ടാണ് ധനസഹായ പ്രഖ്യാപനം വൈകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എങ്കിലും വയനാട് ദുരന്ത മേഖല നേരിൽ കാണാൽ പ്രധാനമന്ത്രിയെത്തിയത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയം മറന്ന് വയനാടിനെ ചേർത്ത് പിടിക്കാൻ എല്ലാ ജനങ്ങളും പങ്കാളിയാകണം. മുൻ വിധിയില്ലാതെ കേന്ദ്രവും സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.