കത്തോലിക്ക പള്ളിക്ക് ലഭിക്കാവുന്ന ഉന്നത പദവിയാണ് ബസിലിക്ക: മാർ ജോസഫ് പാംപ്ലാനി
1444132
Monday, August 12, 2024 1:03 AM IST
ചെമ്പേരി: ഒരു കത്തോലിക്ക പള്ളിക്ക് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പദവിയാണ് ബസിലിക്കയെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ബസിലിക്കയായി ഉയർത്തുന്നതിന്റെ മുന്നോടിയായി നവീകരണം നടത്തിയ ചെമ്പേരി ലൂർദ് മാതാ ഫൊറോനപള്ളിയുടെ ആശീർവാദകർമം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്. രണ്ടു പതിറ്റാണ്ട് മുമ്പ് ഏഴു വർഷക്കാലം ചെമ്പേരി ഫൊറോനയിൽ വികാരിയായിരുന്ന ഫാ. ജോർജ് നരിപ്പാറയുടെ ദീർഘവീക്ഷണവും പ്രാർഥനാനിർഭരമായ പ്രവർത്തനങ്ങളുമാണ് ഈ പള്ളിയുടെ അടിസ്ഥാന ശില.
മനുഷ്യന്റ കണ്ണുനീരിനുള്ള സ്വർഗത്തിന്റെ ഉത്തരമാണ് പരിശുദ്ധ ലൂർദ് മാതാവ്. എല്ലാ സങ്കടങ്ങൾക്കും പരിശുദ്ധ അമ്മയുടെ പക്കൽ ഉത്തരമുണ്ട്. ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലഘട്ടത്തിലാണ് ലൂർദിൽ മാതാവ് പ്രത്യക്ഷപ്പെട്ടത്. സത്യവിശ്വാസം പ്രതിസന്ധി നേരിടുമ്പോഴെല്ലാം അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ അമ്മയുടെ സാന്നിധ്യമുണ്ടാകുമെന്നും ആർച്ച്ബിഷപ് വിശ്വാസികളെ ഓർമപ്പെടുത്തി.
വികാരി റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ആമുഖപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾമാരായ മോൺ.ആന്റണി മുതുകുന്നേൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവരും ആശീർവാദ ചടങ്ങുകളിൽ സഹകാർമികരായിരുന്നു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.