കായിക മേഖലയിൽ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി
1444069
Sunday, August 11, 2024 7:32 AM IST
കണ്ണൂർ: കായിക മേഖലയിൽ ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ.
കുഞ്ഞിമംഗലം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോൾ കായിക ഇക്കോണമി നടപ്പാക്കുകയാണ്. ഇതിലൂടെ സാമ്പത്തിക മേഖലയിലേക്ക് കായിക മേഖലയെയും കൊണ്ടു വരികയാണ്. ഈ സർക്കാർ എട്ട് വർഷം കൊണ്ട് 2000 കോടി രൂപയാണ് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മാറ്റിവച്ചിട്ടുണ്ട്.
ഇന്ത്യയിൽ വേറൊരു സംസ്ഥാനവും ഇത്രയും അധികം തുക കായികരംഗത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന, വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബർ സി.പി. ഷിജു, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.എട്ടാംവാർഡിലെ ഒരേക്കൽ സ്ഥലത്ത് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും സർ്കകാർ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിപ്പെടുത്തിയാണ് സ്റ്റേഡിയം പണിയുന്നത്.
കുഞ്ഞിമംഗലം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭവാനയായ അഞ്ചു ലക്ഷം രൂപ പ്രസിഡന്റ് ചടങ്ങിൽ മന്ത്രിക്ക് കൈമാറി.