സ്കൂളിൽ സമാന്തര പ്രവർത്തനം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹം: സംയുക്ത അധ്യാപക സമിതി
1444056
Sunday, August 11, 2024 7:19 AM IST
ഇരിട്ടി: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമാന്തര പ്രവർത്തനം അപലപനീയവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് സംയുക്ത അധ്യാപക സമിതി കുറ്റപ്പെടുത്തി. പുറത്തുള്ള ഏജൻസികളെ ഉപയോഗപ്പെടുത്തി നിലവിലുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായി ഒരുതരത്തിലും ചേർന്നു പോവാത്ത ചോദ്യാവലികൾ ഉപയോഗിച്ച് ക്ലാസിൽ കയറി സർവേ നടത്തുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ഇത്തരം സർവേ പ്രവർത്തനങ്ങളും പരിഹാര പ്രവർത്തനങ്ങളും നടത്തുന്ന ഡയറ്റ്, എസ്എസ്കെ ഉൾപ്പെടെയുള്ള ഏജൻസികളുമായോ വിദ്യാഭ്യാസ വകുപ്പുമായോ ആലോചിക്കാതെ ഏകപക്ഷീയമായി പരിപാടി അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പരിപാടിയുടെ ഭാഗമായി നടക്കുന്നത്.
അധ്യാപകരുടേയും പിടിഎയുടെയും ഡയറ്റിന്റെയും എസ്എസ്കെയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന വേറിട്ട പ്രവർത്തനങ്ങളുടെ ഫലമായാണ് എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100ശതമാനം വിജയം നിലനിർത്താൻ സ്കൂളിന് ആകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ വക്താവ് എന്ന നിലയിൽ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളോട് ചേർന്നു പോകുന്ന ഇടപെടൽ നടത്താതെ പുറത്തുനിന്നുള്ള ഏജൻസികളെ ഉപയോഗപ്പെടുത്തി നടത്തുന്ന പരിപാടി ഒരു കാരണവശാലും വിദ്യാലയത്തിൽ അനുവദിക്കില്ലെന്ന് അധ്യാപക സംഘടന പ്രതിനിധികൾ അറിയിച്ചു.
ഇത്തരം പരിപാടികൾ നടത്തുന്നതിൽ നിന്ന് സബ് കളക്ടർ ഉൾപ്പെടെയുള്ളവർ പിന്മാറണമെന്നും അത്തരം കാര്യങ്ങളുമായി അധ്യാപകർ സഹകരിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ കെഎസ്ടിഎ ജില്ലാ ട്രഷറർ വി.വി. വിനോദ് കുമാർ, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി ടി.വി. ഷാജി, സി.വി. കുര്യൻ, കെ.എം. ജയചന്ദ്രൻ, എം. പ്രജീഷ്, കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.