വ്യാജരേഖ മുഖേന ആധാരം രജിസ്ട്രേഷൻ: യുവാവ് അറസ്റ്റിൽ
1443526
Saturday, August 10, 2024 1:26 AM IST
ആലക്കോട്: വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നൂറിലധികം ആധാരം രജിസ്റ്റർ ചെയ്ത കേസിൽ ആലക്കോട് സിആർ ബിൽഡേഴ്സ് ഉടമ വെള്ളാട് സ്വദേശി രാഹുൽ രാഘവനെ (28) കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് വ്യാജസീലും രേഖകളും പിടിച്ചെടുത്തു.
തടിക്കടവ് കുട്ടിക്കരിയിലെ ജമുന ജോസഫിന്റെ പരാതിയിലാണ് നടപടി. ജമുന ജോസഫിന്റെ പേരിലുള്ള എൻജിനിയറിംഗ് ലൈസൻസും സീലും വ്യാജമായി നിർമിച്ച് കൃത്രിമ ബിൽഡിംഗ് വാല്യുവേഷൻ തയാറാക്കി നിരവധി ആധാരങ്ങൾ രജിസ്റ്റർ ചെയ്തുവെന്നായിരുന്നു പരാതി. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അതിലുള്ള കെട്ടിടങ്ങളുടെ വില അംഗീകൃത എൻജിനിയർ പരിശോധിച്ച് നിർണയിക്കണമെന്നാണ് ചട്ടം. ജമുനയുടെ അറിവില്ലാതെ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വ്യാജരേഖ മുഖേന ആധാരങ്ങൾ രജിസ്റ്റർ ചെയ്തതായി പരാതി ലഭിച്ചിരുന്നു.
ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ആധാരം രജിസ്റ്റർ ചെയ്തത്. ആലക്കോട് മാത്രം 64 ആധാരങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തതായി സൂചനയുണ്ട്. ആലക്കോട് എസ്ഐ എൻ.ജെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.