കൊട്ടിയൂർ-മാനന്തവാടി ചുരം രഹിത പാത: ഇനിയെങ്കിലും കണ്ണ് തുറക്കണം
1442637
Wednesday, August 7, 2024 1:56 AM IST
കേളകം: പ്രകൃതി ദുരന്തങ്ങളിൽ ഒറ്റപ്പെട്ട് പോകുന്ന വയനാട് ജില്ലയെയും കണ്ണൂർ ജില്ലയെയും തമ്മിൽ ബന്ധിപ്പിച്ച് രക്ഷാപ്രവർത്തനം സുഗമവും വേഗത്തിലുമാക്കാൻ സാധിക്കുന്ന കൊട്ടിയൂർ- അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരം രഹിതപാത എന്ന ആവശ്യം ഇനിയെങ്കിലും പരിഗണിക്കണമെന്ന് നാട്ടുകാർ. രക്ഷാപ്രവർത്തനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സൈനികരുടെ ഉപകരണങ്ങൾ ഉൾപ്പെടെ വയനാട്ടിലേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ചത് പാൽചുരം പാതയാണ്. വീതി കുറഞ്ഞതും കുത്തനെ കയറ്റങ്ങളുള്ളതുമായ ഈ റോഡ് ഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾക്ക് യോജ്യമല്ല.
വയനാട്ടിലെ ദുരന്തമുഖത്തേക്ക് സഹായമെത്തിക്കാൻ പ്രധാനമായി ഇപ്പോൾ ഉപയോഗിക്കുന്നത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിനെയും കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരം റോഡിനെയുമാണ്. കണ്ണൂരുമായി ബന്ധിപ്പിക്കുന്ന തലശേരി-നെടുംപൊയിൽ-മാനന്തവാടി ബാവലി അന്തർ സംസ്ഥാന പാത ഇപ്പോൾ അപകടാവസ്ഥയിലാണ്. ഇതിൽ തലശേരി-ബാവലി റോഡിലുണ്ടായിട്ടുള്ള വിള്ളൽ കനത്ത ഭീഷണിയായി മാറിയിട്ടുണ്ട്. 2022 ൽ ഉരുൾപൊട്ടി ഈ റോഡിൽ വിള്ളലുണ്ടാകുകയും ചിലയിടങ്ങൾ ഒലിച്ചുപോയി മാസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. സോയിൽ പൈപ്പിംഗ് ദുരന്തത്തിനും സാധ്യത നിലനിൽക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അനിശ്ചിത കാലത്തേക്ക് റോഡ് അടച്ചിട്ടിരിക്കുകയാണ്.
കൊട്ടിയൂർ-ബോയ്സ് ടൗൺ റോഡിലും എല്ലാ മഴക്കാലത്തും മണ്ണിടിഞ്ഞ് വീണ് തടസങ്ങൾ പതിവാണ്. ഇതിനുപുറമെ പാറ വീഴുകയും ചെയ്യുന്നു. ഇത്തവണയും പാറ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. നിരവധി തവണ മണ്ണിടിഞ്ഞും തടസങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സമാന്തര ഗതാഗത സംവിധാനങ്ങളെക്കുറിച്ച് വേഗത്തിൽ ചിന്തിക്കേണ്ടതുണ്ട്.
ചർച്ച സജീവം,
നടപടികളില്ല
കൊട്ടിയൂർ--അമ്പായത്തോട്-തലപ്പുഴ-44-ാം മൈൽ ചുരംരഹിത പാത നിർമിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ടാഴ്ച മുന്പ് പാതയുടെ നിർമാണം സംബന്ധിച്ച് സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. തലപ്പുഴ റോഡിന്റെ നിർമാണ വിഷയം പരിഗണനയിലില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയത്. തൊട്ടുപുറകെയാണ് വയനാട് ദുരന്തമെത്തിയത്.
കനത്തമഴ തുടർന്നപ്പോൾ അവശേഷിക്കുന്ന ബോയ്സ് ടൗൺ റോഡിലും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന് ഭയന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങൾ ചുരം കയറിയത്. വയനാട്ടിലേക്കുള്ള മറ്റ് ചില പാതകൾ ഉപയോഗയോഗ്യമല്ലാതാകുകയും ബോയ്സ് ടൗൺ റോഡ് തടസപ്പെടാൻ സാധ്യത വർധിക്കുകയും ചെയ്തതോടെ തലപ്പുഴ റോഡ് നിർമിക്കുന്നതിന്റെ പ്രസക്തി വർധിച്ചു.നിർമാണ ചെലവ് കുറഞ്ഞതും കൊടും വളവുകളോ വൻ ചുരങ്ങളോ ഇല്ലാത്തതുമായ ഈ റോഡിന്റെ നിർമാണം ഉടൻ തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്.
സ്ഥലം നല്കി, എന്നിട്ടും...
നാല് പതിറ്റാണ്ട് മുന്പ് കൊട്ടിയൂർ പഞ്ചായത്തിന് സ്ഥലം ലീസിന് നൽകുകയും റോഡ് നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വനംവകുപ്പ് ഏകപക്ഷീയമായി ലീസ് നിരസിക്കുകയും റോഡ് അടയ്ക്കുകയുമായിരുന്നു. മോൻസ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2009 ലെ ബജറ്റിൽ ഈ റോഡിനായി 14 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. 2017 ൽ റോഡിന്റെ സാധ്യത പഠിക്കാനും റിപ്പോർട്ട് ചെയ്യാനും പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ നിർദേശം നൽകിയിരുന്നു. എന്നാൽ വനഭൂമിയിൽ നിർമാണത്തിന് അനുമതി ലഭിക്കില്ലെന്ന ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും റോഡിന് തടസം നിൽക്കുകയായിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ വനഭൂമിയിലെ നിർമാണങ്ങൾക്ക് വനം പരിസ്ഥിതി നിയമങ്ങൾ ബാധകമല്ലെന്ന് ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. സർക്കാർ തലത്തിലുള്ള യൂസർ ഏജൻസി അപേക്ഷ നൽകിയാൽ വനഭൂമി വിട്ടുകിട്ടുമെന്ന വ്യവസ്ഥ ഉണ്ടായിരിക്കുമ്പോഴും ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതായിരുന്നു ഈ ചുരം രഹിത പാത സാധ്യമാകാത്തതിന് കാരണമായത്.
കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതയുടെ ആകെ ദൂരം 8.350 കിലോമീറ്ററാണ്. ഇതിൽ വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ 3.600 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ 3.450 കിലോമീറ്ററുമാണ് ദൂരം. 1.300 കിലോമീറ്റർ വനഭൂമിയാണ്. ഇരുഭാഗത്തുമായി 3.300 കിലോമീറ്റർ ദൂരം ടാറിംഗുണ്ട്. 40 വർഷം മുന്പ് മരങ്ങൾ വെട്ടിമാറ്റി എട്ടു മീറ്റർ വീതിയിൽ നിർമിച്ച റോഡിൽ കാട് മൂടിയിട്ടുണ്ടെങ്കിലും വൃത്തിയാക്കിയാൽ ഗതാഗത യോഗ്യമാക്കാൻ കഴിയും. പക്ഷേ അതിനു പോലും വനം, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും കാര്യങ്ങൾ പഠിക്കാത്ത രാഷ്ട്രീയക്കാരും ചേർന്ന് തടയിടുകയാണ്.
പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്കും ഈ റോഡ് ശിപാർശ ചെയ്തിരുന്നു. തുടർന്ന് പരിശോധനയും നടത്തി. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മരണത്തെ തുടർന്ന് ഫയൽ തുറക്കാത്ത നിലയിലായി മാറിയിരിക്കുന്നു. റോഡ് നിർമിക്കുന്നതിന് എതിർപ്പുമായി മുന്നിൽ നിൽക്കുന്ന വനംവകുപ്പ് നിലവിൽ കാടിനുള്ളിലെ റോഡ് ഉപയോഗിക്കുന്നുമുണ്ട്. ഒപ്പം മാവോയിസ്റ്റുകൾ നിരന്തരം വന്നുപോകാനും ഈ വഴി തന്നെ ഉപയോഗിക്കുന്നു.