ആറാട്ട്കടവ് എകെസിസി ഭാരവാഹികൾ സന്ദർശിച്ചു
1442630
Wednesday, August 7, 2024 1:56 AM IST
ചെറുപുഴ: കുടിയിറങ്ങണമെന്ന് കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകിയ ചെറുപുഴ പഞ്ചായത്തിലെ ആറാട്ട്കടവ് പ്രദേശം എകെസിസി ഭാരവാഹികൾ സന്ദർശിച്ചു.
11 പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾ ഉൾപ്പെടെ 36 കുടുംബങ്ങൾക്കാണ് ഇവിടെ സ്ഥലമുള്ളത്. 60 വർഷമായി ഇവിടെ താമസിക്കുന്നവരും 25 സെന്റ് മുതൽ രണ്ടരയേക്കർ വരെ ഭൂമിയുള്ളവരും ഉണ്ട്. ഇവരെല്ലാം കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എകെസിസി ഭാരവാഹികൾ സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തിയത്. കേരള-കർണാടക സർക്കാരുകൾ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും കുടിയിറക്കിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകണമെന്നും എകെസിസി ഭാരവാഹികൾ പറഞ്ഞു.
എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ചെറുപുഴ ഫൊറോന പ്രസിഡന്റ് സാജു പുത്തൻപുര, ജെയിംസ് ഇമ്മാനുവൽ, അസി പൂക്കളം, ആന്റോ തെരുവൻകുന്നേൽ, സജി തോപ്പിൽ, ജോയിച്ചൻ പറമ്പിൽ, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ എന്നിവരാണ് കർഷകരുമായി സംസാരിച്ചത്.
പുളിങ്ങോം വില്ലേജ് അധികൃതരുമായും കുടിയിറക്ക് വിഷയം എകെസിസി ഭാരവാഹികൾ ചർച്ച ചെയ്തു.