മേലുത്താന്നി ക്വാറി വിദഗ്ധസംഘം സന്ദർശിച്ചു
1442628
Wednesday, August 7, 2024 1:56 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പറോത്തുംനീർ മേലുത്താന്നിയിലെ കരിങ്കൽ ക്വാറിയിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരെ ചേർത്ത് രൂപവത്കരിച്ച സംഘം പരിശോധന നടത്തി. ക്വാറിക്ക് നൽകിയ പാരിസ്ഥിതിക അനുമതി റദ്ദുചെയ്യണമെന്ന ക്വാറി വിരുദ്ധ കർമസമിതി ആവശ്യപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് ദുരന്ത നിവാരണ അഥോറിറ്റി ഓഫീസർ സ്ഥലം സന്ദർശിക്കുകയും പാരിസ്ഥിതിക അനുമതി റദ്ദു ചെയ്യണമെങ്കിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു.
ഇതുപ്രകാരം പാരിസ്ഥിതിക ബോർഡ് യോഗം ചേർന്ന് ആർഡിഒ കൺവീനറായി സമിതി രൂപവത്കരിക്കാൻ കളക്ടറോട് ശിപാർശ ചെയ്തു. ശിപാർശ പ്രകാരം രൂപവത്കരിച്ച വിദഗ്ധ സമിതിയാണ് ഇന്നലെ മേലുത്താന്നിയിൽ സന്ദർശനം നടത്തിയത്. നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്ന ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ ടി.എം. അജയകുമാർ, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ. റഷീദ്, കണ്ണൂർ സോയിൽ കൺസർവേഷൻ ഓവർസിയർ എൻ. അനിരുദ്ധൻ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർ നോബി ജോർജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ എം. സുനോജ്കുമാർ, ഭൂജലവകുപ്പ് ഹൈഡ്രോളജിസ്റ്റ് കെ.എം. പ്രവീൺകുമാർ, ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്വര്യ, പയ്യന്നൂർ തഹസിൽദാർ ആർ. ജയേഷ്, ഡപ്യൂട്ടി തഹസിൽദാർ കെ.കെ. ശശി, പഞ്ചായത്ത് സെക്രട്ടറി ആർ. ജയകുമാർ, വയക്കര വില്ലേജ് ഓഫീസർ കെ.എ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് സമിതിയിൽ ഉള്ളത്. ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയാൽ സമീപത്തെ വീടുകൾ തകരുകയും കുടിവെള്ള സ്രോതസുകൾ മലിനമാകുകയും ചെയ്യുമെന്ന് കർമസമിതി ഭാരവാഹികൾ ഇവരെ അറിയിച്ചു. പഞ്ചായത്തംഗം സന്തോഷ് ഇളയിടത്ത്, കർമസമിതി നേതാക്കളായ ആർ.കെ. പത്മനാഭൻ, കെ.പി. ഗോപാലൻ, പി. ബിജു, എ.വി. വേണുഗോപാലൻ, പി.വി. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.