വയനാട് ദുരിതബാധിതർക്ക് നാലു വയസുകാരിയുടെ കരുതൽ
1442385
Tuesday, August 6, 2024 1:44 AM IST
കൂത്തുപറമ്പ്: വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നാലുവയസുകാരിയുടെ കരുതൽ. ടിവിയിലൂടെ ദുരന്തത്തിന്റെ നേർക്കാഴ്ചകൾ കണ്ടറിഞ്ഞതോടെയാണ് തന്റെ ആകെയുള്ള സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ മിഖ മനോജും തീരുമാനിച്ചത്. മിക്കു എന്ന വിളിപ്പേരുള്ള മിഖയുടെ തീരുമാനത്തിന് രക്ഷിതാക്കളായ പുന്നോൽ എ.പി. ഹൗസിൽ എ.പി. മനോജും എം. ജസ്നയും ചേച്ചി പാർവണയും പൂർണ പിന്തുണ നൽകി.
രണ്ടുവർഷമായി സൂക്ഷിച്ചു വച്ച സമ്പാദ്യക്കുടുക്കയിലെ തുക ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനായി മിഖയും കുടുംബവും മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലം ഓഫീസിലെത്തി. അപ്രതീക്ഷിതമായി ആ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫീസിൽ തന്നെ ഉണ്ടായിരുന്നു.
തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ കൈയിൽ നേരിട്ട് കൊടുക്കാനായതിന്റെ സന്തോഷവുമായാണ് മിഖയും പാർവണയും മടങ്ങിയത്. പുന്നോലിലെ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് മിഖ മനോജ്. ഗായിക കൂടിയായ ചേച്ചി പാർവണയോടൊപ്പം പാട്ടുപാടി മിഖയും വേദികൾ കീഴടക്കിയിട്ടുണ്ട്. ഇങ്ങനെ കിട്ടിയ പണമാണ് ഇരുവരും സമ്പാദ്യക്കുടുക്കയിൽ സൂക്ഷിച്ചു വച്ചത്. പാർവണ തലശേരി സെന്റ് ജോസഫ്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.