വയനാടിനു കൊടുക്കുന്ന പ്രാധാന്യം വിലങ്ങാടിനും നല്‍കണം: മാര്‍ ജോസഫ് പാംപ്ലാനി
1442371
Tuesday, August 6, 2024 1:44 AM IST
വിലങ്ങാട്: വയനാടിനു സമാനമായ ദുരന്തമാണ് കോഴിക്കോട്ടെ വിലങ്ങാടും സംഭവിച്ചതെന്നും വയനാടിനു നല്കുന്ന അതേ പ്രാധാന്യം വിലങ്ങാടിനും നല്‍കണമെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉരുള്‍ സംഹാരതാണ്ഡവമാടിയ വിലങ്ങാട് മേഖലയില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളം ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ കേരളം ഒന്നാകെ ദുരിതബാധിതരെ സഹായിക്കാന്‍ ഒരുമിക്കണം. ദുരിതബാധിതരുടെ പുനരധിവാസത്തിന് ഈ ഒരുമ പ്രകടമാകേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കാകുലരാണ്. വയനാട് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടലിനു കാര്യമായ പൊതുജനശ്രദ്ധയോ മാധ്യമശ്രദ്ധയോ ലഭിച്ചിട്ടില്ല.
ഇവിടെയുണ്ടായ ദുരന്തത്തില്‍ ഒരു മരണം സംഭവിക്കുകയും ഇരുപത്താറോളം വീടുകള്‍ ഒലിച്ചുപോകുകയും ചെയ്തു. എഴുപതോളം വീടുകള്‍ വാസയോഗ്യമല്ലാതായി. നാനൂറോളം ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. അനേകം വീടുകള്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വീടുകള്‍, കാര്‍ഷിക വിളകള്‍, വാഹനങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി വേദനിക്കുന്ന കാഴ്ചകളാണ് എങ്ങുമുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണം.
വിഷയം ഗൗരവമായെടുക്കണം. വിലങ്ങാട് മേഖലയിലേക്ക് സര്‍ക്കാരിന്റെ സവിശേഷമായ ശ്രദ്ധവേണം. വീടു നഷ്ടപ്പെട്ടവര്‍ക്ക് സഹായം ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാസഭ സജീവമായി പങ്കുചേരും. ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരിധവാസ പ്രവര്‍ത്തനങ്ങള്‍ക്കു തലശേരി അതിരൂപത സാമ്പത്തിക സഹായം നല്‍കും.
ഇതിനായി അതിരൂപതയിലെ എല്ലാ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രത്യേക സംഭാവന സ്വീകരിക്കുമെന്ന് ആർച്ച്ബിഷപ് അറിയിച്ചു. ഉരുള്‍ നാശം വിതച്ച മേഖലകളിലും ദുരന്തത്തില്‍ ജീവന് നഷ്ടമായ രക്ഷാപ്രവര്ത്തകന് മാത്യു കുളത്തിങ്കലിന്റെ വീട്ടിലും ആർച്ച്ബിഷപ് സന്ദര്‍ശനം നടത്തി. കാത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, വിലങ്ങാട് ഫൊറോന വികാരി റവ. ഡോ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍, മിഥുന് നെല്ലിക്കല്‍, അരുണ്‍ ആഞ്ഞിലിത്തോപ്പില്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.