കക്കുവ പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
1442279
Monday, August 5, 2024 10:03 PM IST
ഇരിട്ടി: കീഴ്പള്ളി കക്കുവ പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കിളിരൂർപറമ്പിൽ വർഗീസിന്റെ (68) മൃതദേഹമാണ് മൂന്നുദിവസത്തെ തെരച്ചിലിന് ശേഷം കാണാതായ സ്ഥലത്തുനിന്ന് നാലുകിലോമീറ്ററോളം അകലെ ആറളം പുഴയിലെ കൊക്കോട് ഭാഗത്തുനിന്ന് ഇന്നലെ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ വട്ടപ്പറമ്പ് ഭാഗത്തുനിന്നുമാണ് ഇദ്ദേഹത്തെ കാണാതായത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈയിലുണ്ടായിരുന്ന കുട പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.
ഫയർ ഫോഴ്സും പോലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: മേരി. മക്കൾ: ജോബി, ജോമോൻ. മരുമക്കൾ: സിനി, സോഫിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇടവേലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .