ഒടുവിൽ ജോർജ്-റോസ ദന്പതികൾ മലയിറങ്ങി; അമ്മവീടിന്റെ സുരക്ഷിതത്വത്തിൽ
1442075
Monday, August 5, 2024 1:56 AM IST
ഇരിട്ടി: പാലത്തുംകടവ് പൊട്ടിച്ച പാറയിലെ വനാതിർത്തിയോട് ചേർന്ന് വന്യമൃഗങ്ങളെയും പ്രകൃതി ക്ഷോഭത്തെയും ഭയന്ന് കഴിഞ്ഞുവന്നിരുന്ന വൃദ്ധ ദന്പതികളായ കന്നിലിക്കാട്ട് ജോർജിനെയും ഭാര്യ റോസയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഇരുവരെയും ആനപ്പന്തി പനക്കരയിലെ അമ്മവീട്ടിലേക്കാണ് താത്കാലികമായി മാറ്റിയത്. ഇവരുടെ ജീവിതത്തെക്കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആനപ്പന്തി കരുണാമയനായ ഈശോയുടെ ഇടവകയിലെ സന്നദ്ധ സംഘടനകൾ വൃദ്ധദമ്പതികളുടെ പരിരക്ഷ സ്ഥിരംസംവിധാനമാകുന്നതുവരെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
പാലത്തുംകടവ് വികാരി ഫാ. ജോൺ പോൾ പൂവത്തോലിലും വാർഡംഗം ബിജോയി പ്ലാത്തോട്ടവും ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജിയും ആനപ്പന്തി ഇടവക വികാരി ഫാ. ബിജു തേലക്കാട്ടും പള്ളി കമ്മിറ്റിക്കാരും കൂടിയാലോചിച്ചാണ് ഇവരെ അമ്മവീട്ടിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ എട്ടോടെ പാലത്തുംകടവ് ഇടവകവികാരിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ വീട്ടിലെത്തി ദമ്പതികളെ മലയിറക്കി കൊണ്ടുവരികയായിരുന്നു.
തളർന്നുകിടന്ന ജോർജിനെ തോളിൽ ചുമന്നാണ് വാഹനം എത്തുന്ന സ്ഥലംവരെ എത്തിച്ചത്. നിരവധി വർഷങ്ങൾക്ക് ശേഷം പുറംലോകം കാണുന്നതിന്റെ വിസ്മയം രണ്ടുപേരുടെയും കണ്ണുകളിൽ തെളിഞ്ഞിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ രണ്ടുപേരെയും ആനപ്പന്തിയിലെ അമ്മവീട്ടിൽ എത്തിച്ചു. ഇടവകവികാരിയും സിസ്റ്റേഴ്സും ഭക്തസംഘടനയിലെ അംഗങ്ങളും ചേർന്ന് പൂക്കൾ നൽകി രണ്ടുപേരെയും സ്വീകരിച്ചു.
അഞ്ചുവർഷമായി തളർന്നുകിടക്കുന്ന 96 കാരൻ ജോർജിനും 84 കാരിയായ റോസയ്ക്കും ഇനി പേടികൂടാതെ കഴിയാം.
ഇവർക്ക് സ്ഥിരമായി താമസസൗകര്യം ഒരുങ്ങുന്നതുവരെ ഇവരുടെ സംരക്ഷണ ച്ചുമതല ആനപ്പന്തി ഇടവക, എകെസിസി, മാതൃവേദി എന്നിവർ ഏറ്റെടുക്കും. വീടുവയ്ക്കാനുള്ള അഞ്ച് സെന്റ് സ്ഥലവും വീട് നിർമിക്കാനുള്ള ധനസഹായവും പ്രവാസികൾ ഉൾപ്പടെ നിരവധി സുമനസുകൾ ഉറപ്പ് നൽകിയിട്ടുണ്ട്. ആറു മാസത്തിനകം വീട് നിർമാണം പൂർത്തികരിക്കാനാകുമെന്നാണ് കരുതുന്നത്.
ഇടവകയിലെ ഓരോ വീട്ടുകാരും ഒരുദിവസം ഇവരുടെ സംരക്ഷണചെലവുകൾ ഏറ്റെടുക്കുന്ന രീതിയിൽ എല്ലാ കുടുംബങ്ങളെയും ജീവകാരുണ്യപ്രവത്തനത്തിൽ പങ്കാളികളാക്കിയാണ് പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.
ദന്പതികളെ അമ്മവീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങിൽ വാർഡ് അംഗം സജി മച്ചിത്താന്നി, എകെസിസി ഗ്ലോബൽ വർക്കിംഗ് കമ്മറ്റിമെംബർ ബെന്നി പുതിയാംപുറം , ആനപ്പന്തി, പാലത്തുംകടവ് ഇടവകകളിലെ കന്യാസ്ത്രീകൾ, ആനപ്പന്തി ഇടവക എകെസിസി ഭാരവാഹികളായ ഷാജു ഇടശേരി, ബേബി കാശാംകാട്ടിൽ, തോമാച്ചൻ വലിയത്തൊട്ടി, ബിജു പുതിയവീട്ടിൽ, ഇവടക കൈക്കാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.