ആന്തൂരിലെ മോഷണം: അന്തര്‍സംസ്ഥാന മോഷ്ടാവ് ഉമേഷ് റെഡ്ഢി പിടിയിൽ
1441980
Sunday, August 4, 2024 7:57 AM IST
തളിപ്പറമ്പ്: ആന്തൂരിലെ മോഷണക്കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉമേഷ് എന്ന ഉമേഷ് റെഡ്ഢി (46) തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ. കണ്ണൂർ തോട്ടടയിലെ ഒരു റിസോർട്ടിൽ നിന്നും തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപന് കണ്ണിപ്പൊയിലിന്റെ നിർദേശാനുസരണം തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി, എസ്ഐ ദിനേശന് കൊതേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസം ആന്തൂർ കാവിന് സമീപത്തെ ചേനൻ തങ്കമണിയുടെ(75)വീട്ടില്‍ നടത്തിയ കവര്‍ച്ച യുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. വീട് കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന് സ്വര്‍ണമാലയുമാണ് പ്രതി മോഷ്ടിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് ആന്ധാപ്രദേശ് സ്വദേശി ഉമേഷ്.
ഇയാൾ വര്‍ഷങ്ങളായി തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് കുടുംബസമേതം താമസിക്കുന്നത്. കഴിഞ്ഞ ദിവസം കുടുംബസമേതം പറശിനിക്കടവിലെത്തി ലോഡ്ജില്‍ മുറിയെടുത്താണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
മോഷ്ടിച്ച പണം പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണമാല എടുത്തില്ലെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. രണ്ട് ഗോൾഡ് കോയിനും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ കൂടുതൽ മോഷണവിവരങ്ങൾ ലഭ്യമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
എസ്ഐ നാരായണന് നമ്പൂതിരി, എഎസ്ഐ മുഹമ്മദലി, എഎസ്ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുണ്‍ കുമാർ, പ്രമോദ്, ജയദേവന്, അഞ്ചില്ലത്ത് നൗഫൽ, അഷ്റഫ്, ലക്ഷ്മൺ, പോലീസ് ഡ്രൈവർ ബിപിൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
24 മണിക്കൂറിനകം മോഷ്ടാവ് വലയിൽ
മോഷണം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി തളിപ്പറന്പ് പോലീസ്. യാതൊരു തുന്പും ഇല്ലാതിരുന്ന കേസിൽ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും നൽകിയ വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഭാര്യയും രണ്ട് കുട്ടികളുമായാണ് പ്രതി മോഷണത്തിനായി കണ്ണൂരിലെത്തിയിരുന്നത്. പറശിനിക്കടവ് ലോഡ്ജിൽ മുറിയെടുത്ത് രണ്ട് ദിവസം കുടുംബവുമായി താമസിക്കുകയും ചെയ്തു.
മലയാളമടക്കം മിക്ക ഭാഷകളും സംസാരിക്കാൻ പ്രാവിണ്യമുള്ള ഉമേഷ് റെഡ്ഢി ഇലക്ട്രീഷ്യനെന്ന വ്യാജേനയാണ് ആന്തൂർ ഭാഗത്ത് എത്തിയത്. തുടർന്ന് ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് വസ്തുക്കൾ റിപ്പയർ ചെയ്യാനുണ്ടോ എന്നു ചോദിച്ച് നാട്ടിലിറങ്ങി നടന്ന് മോഷണം നടത്തേണ്ട വീട് കണ്ടെത്തി. പിന്നീട് തങ്കമണിയുടെ വീട്ടിൽ എത്തുകയും പട്ടാപ്പകൽ കവർച്ചനടത്തുകയുമായിരുന്നു. കവർച്ചയ്ക്ക് ശേഷം പറശിനിക്കടവിലെത്തി മുറി ഒഴിവാക്കി തോട്ടടയിൽ റിസോർട്ടിൽ മുറിയെടുത്തു.
സാഹചര്യ തെളിവുകൾ അധികമില്ലാതിരുന്ന കേസിൽ മുൻ ദിവസങ്ങളിൽ ഇലക്ട്രീഷ്യനെന്ന വ്യാജേന ഒരാൾ നാട്ടിൽ കറങ്ങിയിരുന്നു എന്ന് ചില നാട്ടുകാരും, ഓട്ടോറിക്ഷാ ഡ്രൈവർമാരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.