സൈക്കിൾ പിന്നീട് വാങ്ങാം, സന്പാദ്യക്കുടുക്കയിലെ പണം വയനാടിന് നൽകി മൂന്നാം ക്ലാസുകാരൻ
1441963
Sunday, August 4, 2024 7:51 AM IST
ചെറുപുഴ: സ്വന്തമായൊരു സൈക്കിൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സ്വരൂപിച്ചുവച്ച പണം വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കൈമാറി മൂന്നാം ക്ലാസുകാരൻ.
തിരുമേനി എസ്എൻഡിപി എൽപി സ്കൂളിലെ ആദിദേവാണ് തന്റെ സ്വപ്നങ്ങൾ മാറ്റിവച്ച് സന്പാദ്യക്കുടുക്കയിൽ സ്വരൂപിച്ചുവച്ച പണം കുടുക്കസഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മുഖ്യാധ്യാപകനെ ഏൽപ്പിച്ചത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ തനിക്കും അവരെ സഹായിക്കണമെന്ന് ആദിദേവ് മാതാപിതാക്കളോട് പറയുകയായിരുന്നു.
തിരുമേനി കോക്കടവിലെ പുളിക്കലേടത്ത് ഷിജു-സജിനി ദന്പതികളുടെ മകനാണ് ആദിദേവ്. മാതാപിതാക്കൾക്കൊപ്പം സ്കൂളിലെത്തി ആദിദേവ് സമ്പാദ്യ കുടുക്ക കൈമാറി.
മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, അധ്യാപിക മഞ്ജു മധു എന്നിവർ ചേർന്ന് കുടുക്ക ഏറ്റുവാങ്ങി. ദുരിതബാധിതരെ സഹായിക്കാനുള്ള ആദിദേവിന്റെ തീരുമാനത്തെ പ്രശംസിച്ചും കൈനിറയ മിഠായികളും പുതിയ സന്പാദ്യകുടുക്കയും നൽകിയാണ് സ്കൂൾ അധികൃതർ ആദിദേവിനെ യാത്രയാക്കിയത്.