രയറോം പുഴയിൽ കീടനാശിനി ഒഴുക്കിയിട്ട് 14 വർഷം
1441954
Sunday, August 4, 2024 7:51 AM IST
ആലക്കോട്: ജനങ്ങളെ ഭീതിയിലാക്കിയ രയറോം പുഴയിൽ കീടനാശിനി ഒഴുക്കിയ സംഭവത്തിന് 14 വയസ്. 2010 ഓഗസ്റ്റ് രണ്ടിനായിരുന്നു മൂന്നു വാഹനങ്ങളിലെത്തിച്ച മാരക കീടനാശിനി പുഴയിൽ തള്ളിയത്. കാലാവധി കഴിഞ്ഞ കീടനാശിനി എവിടെയെങ്കിലും കളയുന്നതിനായിരുന്നു ചിലർ പുഴയെ തെരഞ്ഞെടുത്തത്.
വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്ന സംഭവം എന്തോ ഭാഗ്യത്തിനാണ് ഒഴിഞ്ഞു പോയത്. പുഴയിൽ കുളിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് പുഴയിൽ വിഷം കലർന്നത് മനസിലായത്. ആദ്യം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി ഇടപെട്ടതോടെയാണ് പുഴയിലെ കീടനാശിനു പൂർണമായും നീക്കാനായത്.
നാവികസേനയും കേന്ദ്ര ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും ദിവസങ്ങളോളം പുഴയിലെയും പരിസര പ്രദേശത്തെയും കീടനാശിനികൾ ദിവസങ്ങളോളമെടുത്താണ് ശേഖരിച്ചത്. ആർക്കോണത്ത് നിന്നെത്തെയ ശാസ്ത്രജ്ഞൻ ഡോ. എ.കെ. ഗുപ്തയുടെ നേർതൃത്വത്തിലുള്ള സംഘം വിഷവസ്തുക്കൾ ബാരലുകളിൽ നിറച്ച് നിർവീര്യമാക്കി.
പിന്നീട് ഇത് ദീർഘകാലം ആലക്കോട് ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് ആലുവയിലേക്ക് മാറ്റി. ഇപ്പോൾ എല്ലാ വർഷവും പുഴയെ സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും പുഴയോരത്ത് ഒത്തുചേരാറുണ്ട്.