അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരിച്ചു
1438041
Monday, July 22, 2024 1:51 AM IST
പരിയാരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരിച്ചു. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരി കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട്ചോടോന് സാവിത്രി (60) ആണ് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ചത്. 2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ കൊണ്ടുവന്ന സാവിത്രി ജൂലൈ 16 മുതല്‍ കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 നാണ് പരിയാരത്തേക്ക് കൊണ്ടുവന്നത്. മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് ബന്ധുക്കള്‍ രേഖാമൂലം അറിയിച്ചതായി കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് എ. റംലാ ബീവി അറിയിച്ചു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ജയില്‍ വകുപ്പു തന്നെ മൃതദേഹം സംസ്കരിക്കും.